കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവരികയായിരുന്ന മോഡലുൾപ്പെട്ട ആറംഗസംഘം പിടിയിലായി. വരാപ്പുഴ സ്വദേശിനിയും മോഡലുമായ അൽക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അൻസാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസർ (18), തൃശൂർ സ്വദേശി ഐ.ജി. അതുൽ(18) എന്നിവരാണ് അറസ്റ്റിലായത്. വില്പനയ്‌ക്കെത്തിച്ച കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവ കണ്ടെടുത്തു. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ആഷിഖിന്റെ പേരിലാണ് റൂം എടുത്തിരുന്നത്.
കഴിഞ്ഞ 13 മുതൽ സംഘം ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. പരിശോധനയ്ക്കായി എളമക്കര പൊലീസും ഡാൻസാഫും ലോഡ്ജിൽ എത്തുമ്പോൾ ഇവർ ലഹരിലായിരുന്നു. പ്രതികളിൽ ഒരാളുടെ മൊബൈൽഫോണിൽനിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. സൂരജും രഞ്ജിത്തും നിരവധി ലഹരിക്കേസുകളിൽ മുമ്പും പിടിയിലായിട്ടുണ്ട്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്പന നടത്തിവരികയായിരുന്നു. ഇവരുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽനിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.