ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ ചാലിൽപ്പാടവും തോടും ഭൂമാഫിയ സംഘം മണ്ണിട്ടു നികത്തുന്നത് നാട്ടുകാരുടെ പരാതിയെ തുടർന്ന് റവന്യു, കൃഷി, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തടഞ്ഞു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയ തോടാണ് ഭൂമാഫിയ ഒരു വിഭാഗം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോെടെ മണ്ണിട്ട് നികത്തിയത്. ചാലിൽപ്പാടം മണ്ണിട്ട് നികത്തിയാൽ അതിരൂക്ഷമായ വെള്ളക്കെട്ടും കുടിവെള്ളക്ഷാമവും ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. അവധി ദിവസങ്ങളുടെയും രാത്രിയുടേയും മറവിലാണ് മണ്ണടിക്കൽ നടന്നത്. നിയമലംഘനത്തിനെതിരെ ശക്തമായ നടപടിയും പാടത്ത് നിക്ഷേപിച്ച നൂറ് ലോഡ് മണ്ണ് മാറ്റുവാനുള്ള നടപടിയും എടുക്കണമെന്ന് നാട്ടുകാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.