കൊച്ചി: പാലാരിവട്ടത്ത് വില്പനയ്ക്കെത്തിച്ച എം.ഡി.എം.എയുമായി കാപ്പാ കേസ് പ്രതി പിടിയിൽ. കൊല്ലം പുനലൂർ ആഷിഖ് മൻസിലിൽ എ. ആഷിഖാണ് (26) പിടിയിലായത്. ഇയാളിൽനിന്ന് 3.57 എം.ഡി.എം.എയും 10.45 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും പാലാരിവട്ടം പൊലീസും ചേർന്നാണ് അറസ്റ്റുചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ്. അടുത്തിടെയാണ് കാപ്പകേസ് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. മയക്കുമരുന്ന് എത്തിച്ചു നൽകിയവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.