ആലുവ: ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് പ്രത്യക്ഷ സമരം ആരംഭിക്കാൻ ആലുവ മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധക്ഷണിക്കുന്നതിനായി കൗൺസിൽ അംഗങ്ങളുടെ സത്യഗ്രഹം സംഘടിപ്പിക്കും. തുടർന്ന് ബഹുജന പ്രക്ഷോഭം ആരംഭിക്കുന്നതിനും കൗൺസിൽ യോഗം തീരുമാനിച്ചു.
ദേശീയപാതയിൽ ആലുവയിലെ അതിരൂക്ഷമായ വാഹനതിരക്കും മണിക്കൂറുകൾ നീളുന്ന ഗതാഗതസ്തംഭനവും പലപ്പോഴും നഗരം നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും പരിഹാരം കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കൊച്ചി - സേലം ദേശീയപാതയിൽ ഏറ്റവും അധികം വാഹനത്തിരക്കേറിയ ഭാഗം ആലുവ പുളിഞ്ചോടിനും മംഗലപ്പുഴ പാലത്തിനും ഇടയിലുള്ള പ്രദേശമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നഗരസഭ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ മുമ്പാകെ നിവേദനം നൽകിയിട്ടുണ്ട്. പാർലമെന്റിലെയും നിയമസഭയിലെയും ആലുവയിൽ നിന്നുള്ള ജനപ്രതിനിധികൾ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതുമാണ്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥതലത്തിൽ ചില പരിശോധനകൾ നടന്നെങ്കിലും ഇതുവരെ അനുകൂല തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആലുവയുടെ വളർച്ചയേയും വികസനത്തേയും പ്രതികൂലമായി ബാധിക്കുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുന്നതിന് കൗൺസിൽ നിർബന്ധിതമാകുന്നതെന്ന് ചെയർമാൻ എം.ഒ.ജോൺ വ്യക്തമാക്കി.