hospiel
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പാർക്കിംഗ് സ്ഥലത്തേക്കുള്ള റോഡ് തകർന്ന നിലയിൽ

മൂവാറ്റുപുഴ: ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലത്തേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം റോഡ് ടാർ ചെയ്യുന്നതിനായി നഗരസഭ തുക അനുവദിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ ട്രാൻഫോമർ സ്ഥാപിക്കുന്നതിനായി ഈ തുക വിനിയോഗിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച റോഡാണ് ഇന്നും മൺപാതയായി തുടരുന്നത്. കല്ലുകളും, കുഴികളും നിറഞ്ഞ് അപകടപാതയായി മാറിയിരിക്കുകയാണ് ഇത്.

പാർക്കിംഗ് സ്ഥലത്തേക്കുള്ള റോഡ് ദുർഘടമായതോടെ ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ മിക്കതും പ്രവേശന കവാടത്തിലൂടെ കടന്ന് പാർക്ക് ചെയ്യുന്നത് പതിവാണ്. ഇത് പ്രവേശന കവാടത്തിൽ തിരക്കിനും ഗതാഗത കുരുക്കിനും കാരണമാകുന്നു.

പാർക്കിംഗ് റോഡിലൂടെ പോകുമ്പോൾ അപകടം പതിവാകുന്നതിലാണ് വാഹനത്തിൽ വരുന്നവർ പ്രവേശേന കവാടം തിരഞ്ഞെടുക്കുന്നത്. കാലവർഷമെത്തുന്നതിന് മുമ്പ് റോഡ് ടാർ ചെയ്‌ത്‌ അപകട സാധ്യത ഒഴിവാക്കാൻ നഗരസഭ തയ്യാറാവണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ ആവശ്യം.