കാക്കനാട്: തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. ഇൻഫോപാർക്കിന് സമീപം ഇടച്ചിറയിൽ ആണ് നായയുടെ ആക്രമണം ഉണ്ടായത്. ഒരാളുടെ കൈ വിരൽ അറ്റു. പരിക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അഞ്ച് പേരെയും കടിച്ചത് ഒരേ നായയാണ്. കടിച്ച നായയെ പിടികൂടാനായില്ല.
തലക്കോട്ട് മൂലപ്പള്ളിക്ക് സമീപം പുതുമനപറമ്പിൽ സുബൈദ (69), ഇടച്ചിറക്കൽ വീട്ടിൽ അസിസ് (56), നസീറ (34), പാലക്കാട് നിവാസി ഗിരീഷ്, പാർലിമൂലയിൽ ശരൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഗിരീഷിനാണ് ആദ്യം കടിയേറ്റത്, പിന്നാലെ സമീപത്തെ വീട്ടിൽ എത്തിയ നായ അടുക്കള ഭാഗത്തു നിൽക്കുകയായിരുന്ന സുബൈദയെ കടിച്ചു. ആക്രമണത്തിൽ താഴെ വീണ സുബൈദയുടെ കൈവിരൽ നായ കടിച്ചെടുത്തു. തുടർന്നാണ് നസീറയെയും അസിസിനെയും നായ ആക്രമിച്ചത്. രാത്രിയോടെയാണ് ശരണിനെ നായ ആക്രമിച്ചത്. ഇടച്ചിറ ഇൻഫോപാർക്ക് പ്രദേശങ്ങളിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും വാർഡ് കൗസിലർ ഷാന അബ്ദു പറഞ്ഞു.