മൂവാറ്റുപുഴ: കഴിഞ്ഞ പാർലമെന്റ് തിരത്തെടുപ്പിനിടെ രാഷ്ട്രീയപരമായി സമൂഹമാദ്ധ്യമത്തിലൂടെ പ്രചാരണം നടത്തിയ ബി.എൽ.ഒയ്ക്കെതിരെ നടപടി. ആവോലി പഞ്ചായത്ത് 125-ാം നമ്പർ ബൂത്ത് (ബെയ്‌സിക് ട്രെയിനിംഗ് സ്ക്കൂൾ വാഴക്കുളം സൗത്ത്) ബി.എൽ.ഒ ഷിന്റോ ഷാജിയെയാണ് തത‌്സ്ഥാനത്ത് നീക്കി മൂവാറ്റുപുഴ തഹസിൽദാർ ഉത്തരവിട്ടത്.
ഇടുക്കി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജിനെ അപകീർത്തിപ്പെടുത്തി സമൂഹമാദ്ധ്യമത്തിലൂടെ പ്രചാരണം നടത്തിയതിന് ഷിന്റോ ഷാജിക്കെതിരെ എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. ബി.എൽ.ഒ യു.ഡി.എഫ് സ്ഥാനാർത്ഥിയെ അനുകൂലിച്ച് പ്രചാരണം നടത്തി യു.ഡി.എഫ് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു.