മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്, സെന്റ് ജോർജ് ഹോസ്പിറ്റൽ, സെന്റ് ജോർജ് വോളിബോൾ ക്ലബ്ബ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന റോഡ് വാഴക്കുളം സെന്റ് ജോർജ് വോളിബാൾ ക്ലബ്ബ് സംഘടിപ്പിച്ച സമ്മർ ക്യാമ്പിലെ കുട്ടികളും ക്ലബ്ബ് അംഗങ്ങളും ചേർന്ന് വൃത്തിയാക്കി. ഇലക്ട്രിസിറ്റി ഓഫീസിന്റെ സമീപത്തു നിന്നും തുടങ്ങുന്ന റോഡിന്റെ ഇരുവശവും കാടുപിടിച്ചും വേസ്റ്റ് നിറഞ്ഞും ആയിരുന്നു കിടന്നിരുന്നത്. തുടർപ്രവർത്തനങ്ങളിലൂടെ വോളിബാൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് വൃത്തിയായി സൂക്ഷിക്കുമെന്നും ഇരുവശവും പെയിന്റ് ചെയ്തും പൂച്ചെടികളും മറ്റും വച്ചും മനോഹരമാക്കി സംരക്ഷിക്കുമെന്നും ക്ലബ്ബ് പ്രസിഡണ്ട് തോമസ് വർഗീസ് താണിക്കൽ അറിയിച്ചു. മനോഹരമായി റോഡ് വൃത്തിയാക്കിയ കുട്ടികളെ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി ജോസ്, വൈസ് പ്രസിഡണ്ട് ടോമി തന്നിട്ടമാക്കൽ, വാർഡ് മെമ്പർ സുധാകരൻ പി.എസ് എന്നിവർ മധുരപലാഹരങ്ങൾ നൽകി അഭിനന്ദിച്ചു.