grad

കൊച്ചി: വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആശങ്കകൾക്കിടയിലും നാലുവർഷ ഡിഗ്രി പ്രോഗ്രാമിന്റെ (എഫ്.വൈ.യു.ജി.പി) പ്രവേശന നടപടികൾ ആരംഭിച്ചു. ജില്ലയിലെ സ്വയംഭരണ കോളേജുകളുടെ പോർട്ടൽ വഴിയും എം.ജി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ സ‌ർവകലാശാലയുടെ ഏകജാലക സംവിധാനം വഴിയുമാണ് ആപ്ലിക്കേഷൻ നൽകേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ എം.ജി യൂണിവേഴ്സിറ്റി ആരംഭിച്ചിട്ടുണ്ട്.

ജില്ലയിൽ മാനേജ്മെന്റ് സീറ്റിനായുള്ള തിരക്കും കോളേജുകളിൽ ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതൽ ഡിമാൻഡുള്ള പ്രോഗ്രാം ബികോമാണ്. ബി കോം പ്രോഗ്രാമിന് 2.5 ലക്ഷം രൂപയാണ് കൊച്ചിയിലെ പ്രമുഖ സെൽഫ് ഫിനാൻസിംഗ് കോളേജിൽ വാങ്ങിയത്. അതേ കോളേജിലെ എയ്ഡഡ് വിഭാഗത്തിൽ അഞ്ചുലക്ഷം രൂപ വരെ ഡൊണേഷനും വാങ്ങാറുണ്ട്.

ബിരുദം സ്വയം

രൂപകല്പന ചെയ്യാം
അക്കാഡമിക്- കരിയർ താത്പര്യങ്ങൾക്കനുസരിച്ച് സ്വന്തം ബിരുദം രൂപകല്പന ചെയ്യാൻ നാലുവർഷ ബിരുദ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ക്ലാസ് തുടങ്ങുമ്പോൾ മേജർ വിഷയത്തിനൊപ്പം പഠിക്കേണ്ട മൈനർ വിഷയങ്ങൾ ഏത് ഡിപ്പാർട്ട്മെന്റിൽ നിന്ന് വേണമെങ്കിലും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. മൂന്നുവർഷം കഴിയുമ്പോൾ ബിരുദവും നാലുവർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കും. ഒരു വിദ്യാ‌ർത്ഥിക്ക് മൂന്ന് വർഷം കഴിയുമ്പോൾ എല്ലാ കോഴ്സിൽ നിന്നുമായി 133 ക്രെഡിറ്റ് സ്കോർ ലഭിക്കണം. നാലുവർഷ ബിരുദമാണെങ്കിൽ 177 ക്രെഡിറ്റുകളാണ് വേണ്ടത്. ആർജിക്കുന്ന ക്രെഡിറ്റുകൾ വിദ്യാർത്ഥിക്ക് യു.ജി.സി നിഷ്‌കർഷിച്ച അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ്‌സിൽ നിക്ഷേപിക്കാനും പിന്നീട് ക്ലെയിം ചെയ്യാനും സാധിക്കും. നാല് വർഷ ബിരുദ പദ്ധതിയിൽ ഒരു ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കാൻ ഒരു വിദ്യാർത്ഥിക്ക് ഇടവേളകളോടെ പരമാവധി ഏഴു വർഷം വരെ സമയം ലഭിക്കും.

ജില്ലയിലെ കോളേജുകൾ

സർക്കാർ- 4

ഓട്ടോണമസ്-6

എയ്ഡഡ്- 18

അൺഎയ്ഡഡ്- 78

ആകെ 106

ക്ലാസുകൾ തുടങ്ങുമ്പോൾ കുട്ടികൾക്ക് മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടതിനെക്കുറിച്ച് ഓറിയേന്റഷൻ ക്ലാസുകൾ നൽകും. വിദ്യാർത്ഥികളെ സഹായിക്കാൻ ഒരോ ഡിപ്പാർട്‌മെന്റിലും സീനിയർ ഫാക്വൽറ്റി അഡ്‌വൈസറും ഫാക്വൽറ്റി അഡ്‌വൈസറുമുണ്ടാകും. ഇവർ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കും

ഡോ. ജൂലി ചന്ദ്ര

നോഡൽ ഓഫീസർ

എഫ്.വൈ.യു.ജി.പി

മഹാരാജാസ് കോളേജ്

നാലുവർഷ ബിരുദവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷകർത്താക്കൾക്കമുള്ള ആശങ്കകൾ ഇല്ലാതാക്കാൻ വിവിധ വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു. കോളേജിൽ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചു

പ്രിയ കെ. നായർ

നോഡൽ ഓഫീസർ

എഫ്.വൈ.യു.ജി.പി

സെന്റ് തെരേസാസ് കോളേജ്