പെരുമ്പാവൂർ: ശാപമോക്ഷമില്ലാത്ത പെരുമ്പാവൂർ താലൂക്ക് ആശുപത്രി രോഗികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ലക്ഷങ്ങൾ ചിലവഴിച്ചിട്ടും പണി പൂർത്തീകരിക്കാതെ ഒ.പി ബ്ലോക്ക് ആൻഡ് ക്യാഷ്വാലിറ്റി ബിൽഡിംഗാണ് ആശുപത്രിയുടെ ശാപമായി തുടരുന്നത്. ചികിത്സയ്ക്ക് എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും വെയിലത്തും മഴയത്തും ചീട്ടെടുക്കാൻ ഷീറ്റ് മേഞ്ഞ കെട്ടിടത്തിന്നുള്ളിൽ കാത്തു നിൽക്കേണ്ട ഗതികേടിലാണ്. ഇവിടെത്തന്നെയാണ് ഒ.പി ടിക്കറ്റ് കൗണ്ടറും ലാബ് ബിൽ കൗണ്ടറും. ചൂടുമൂലം ഷീറ്റിന്റെ അടിയിൽ കാത്തിരിക്കുന്ന രോഗികൾക്ക് അസ്വസ്ഥത അനുഭപ്പെടുന്നത് പതിവാണ്. യാതൊരുവിധ സൗകര്യങ്ങളും ഇല്ലാതെ ഗാർഡൻ ഷീറ്റ്കൊണ്ട് മറച്ച വരാന്തയിൽ നിന്നാണ് രോഗികൾ മരുന്ന് വാങ്ങി തിരികെ പോകുന്നത്. കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയായി മാറുമ്പോൾ പെരുമ്പാവൂരിലെ സർക്കാർ ആശുപത്രിയുടെ ഈ അവസ്ഥയിലേക്ക് ആരാണ് കാരണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ചോദ്യം. അധികാരികൾ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണമെന്ന ആവശ്യം ശക്തമാകുകയാണ്.
കരാറിലെ ആദ്യഘട്ട തുകയായ ഒരു കോടി രൂപയോളം ലഭിക്കാത്തത് കാരണമാണ് പണി പൂർത്തിയാക്കാൻ കഴിയാത്തത്. തുക ലഭിച്ചില്ലെങ്കിലും പരമാവധി പണി നടത്തി.
ബെന്നി
കോൺട്രാക്ടർ
ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷ ഒരുക്കുവാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണം
ടി.എം. നസീർ
പൊതുപ്രവർത്തകൻ