പെരുമ്പാവൂർ: കൂവപ്പടി വില്ലേജിൽ 2014 - 2017 കാലത്ത് ബ്ലോക്ക് ഏഴിൽപ്പെട്ട കരഭൂമികൾ നിലവും നിലം കരഭൂമിയുമാക്കി ഉദ്യോഗസ്ഥർ നടത്തിയ തിരിമറി ഏറെപ്പേരെ ദുരിതത്തിലാക്കി. ഇതിന്റെ മറവിൽ, വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഭൂമി തരംമാറ്റൽ ലോബി വൻ തുക തട്ടിയെടുക്കുകയാണ്.

കൂവപ്പടി വില്ലേജിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് ബ്ലോക്ക് ഏഴിലെ നിലവും കരയും തെറ്റായി രേഖപ്പെടുത്തിയത്. ഇത് മറച്ചു വയ്ക്കുവാൻ വേണ്ടി ആ കാലഘട്ടങ്ങളിൽ കരം തീർക്കുമ്പോൾ റിമാർക്ക് കോളത്തിൽ കരയെന്നോ നിലമെന്നോ രേഖപ്പെടുത്തിയില്ല. എന്നാൽ റവന്യൂ രേഖകൾ ഡിജിറ്റലാക്കിയപ്പോൾ കരം തീർത്ത രസീതുകളിൽ കരയെ നിലമായും നിലം കരയാക്കിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റവന്യൂ, കൃഷി വകുപ്പുകളുടെ രേഖകളിലും ഇത്തരത്തിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ സ്ഥലങ്ങൾ പരിശോധിക്കുകയോ പരാതി കേൾക്കുകയോ ചെയ്തിട്ടില്ല.

അന്ന് തെറ്റുവരുതിയ ഉദ്യോഗസ്ഥരും അതിന് കൂട്ടുനിന്ന റിട്ട. ഉദ്യോഗസ്ഥനും നേതൃത്വം നൽകുന്ന സംഘമാണ് തരം മാറ്റത്തിനു വേണ്ടി വലിയ തുക വാങ്ങുന്നതെന്നാണ് ആരോപണം. കൂവപ്പടിയിലും പെരുമ്പാവൂരും കേന്ദ്രീകരിച്ച് വലിയൊരു സംഘമാണ് ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതെന്നും ഭൂവുടമകൾ പറയുന്നു.

പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് അയയ്ക്കാനോ വിദ്യാഭ്യാസ ലോൺ എടുക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണ്. ഭൂവുടമകൾക്ക് നീതി ലഭ്യമാക്കണം.

പി. അനിൽകുമാർ

ബിജെപി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ്