കാലടി: കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാൻ സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും യോഗം ചേർന്ന് നിർദ്ദേശങ്ങൾ തയ്യാറാക്കി. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലടി സന്ദർശനത്തിന് മുന്നോടിയായാണ് കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷ(ട്രാക്)ന്റെ നേതൃത്വത്തിൽ ചേർന്നത്. നാൽപ്പതോളം സംഘടനകളിൽ നിന്നും 60 പേർ യോഗത്തിൽ പങ്കെടുത്തു. റോജി . എം. ജോൺ, എം.എൽ.എ,കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസി ജിജോ, സിജോ ചൊവ്വരാൻ, കാലടി-കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ജോയിന്റ് ആർ.ടി.. സലിം കുമാറിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, പി.ഡബ്ലിയു. ഡി. ഉദ്യോഗസ്ഥർ, കാലടി പള്ളി വികാരി ഫാ. മാത്യു കിലുക്കൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സഘടനകൾ, ബസ് ഉടമകൾ, ഓട്ടോ ഡ്രൈവർമാരുടെ സംഘടനകൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, സാമുദായിക സംഘടന പ്രതിനിധികൾ, വിവിധ ക്ഷേത്രങ്ങളുടെ പ്രതിനിധികൾ, സാംസ്‌കാരിക, സന്നദ്ധ സംഘടനകളുടെ ഭാരവാഹികൾ എന്നവരും യോഗത്തിൽ പങ്കാളികളായി. യോഗത്തിൽ തയ്യാറാക്കിയ നിർദ്ദേശങ്ങൾ ഗതാഗത മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള യോഗത്തിൽ സമർപ്പിക്കും. റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. വി. ടോളിൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ജെസ്റ്റോ പോൾ മോഡറേറ്റർ ആയിരുന്നു.
നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത്
ഒക്കൽ മുതൽ മറ്റൂർ വരെ മീഡിയൻ സ്ഥാപിക്കുക
ട്രാഫിക് അച്ചടക്കം പാലിക്കാത്തവർക്കെതിരെ കർശന നടപടികളും പിഴയും ഈടാക്കുക
കാലടിയിൽ അടിയന്തിരമായി ട്രാഫിക് യൂണിറ്റ് സ്ഥാപിക്കുക
കാലടിയിലെ വൺവേ സംവിധാനം ശാസ്ത്രീയമാക്കുക
കാലടിയിലെയും മറ്റൂരിലെയും ബസ് സ്റ്റോപ്പുകൾ പുന ക്രമീകരിക്കുക
സ്ഥിരമായി ട്രാഫിക് വാർഡൻമാരെ നിയോഗിക്കുക