ആലുവ: ദേശീയപാതയിൽ ആലുവ മേഖലയിലെ ഗതാഗത കുരുക്കിനെതിരെ സമരമാരംഭിക്കുമെന്ന നഗരസഭ കൗൺസിൽ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുമ്പോൾ ദേശീയപാതയിൽ മാർക്കറ്റിന് സമീപം കോടികൾ ചെലവഴിച്ച് നിർമ്മിച്ച മേൽപ്പാലം യാതൊരു ഉപകാരവുമില്ലാത്ത അവസ്ഥയിലാണ്. ഒരു സിഗ്‌നലിൽ നിന്നും മറ്റൊരു സിഗ്‌നലിലേക്ക് വെറുതെയൊരു മേൽപാലം ലോകത്തെവിടെയുമില്ല.

അശാസ്ത്രീയമായ മേൽപ്പാലം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് അന്നേ ആരോപണമുയർന്നിരുന്നു. മേൽപ്പാലത്തിലൂടെ രണ്ടു വരിയായി വരുന്ന വാഹനങ്ങളും ആലുവ നഗരത്തിൽ നിന്നും വരുന്ന വാഹനങ്ങളും ഒരേസമയം രണ്ടുവരി മാത്രമുള്ള പാലത്തിലെത്തുന്നതാണ് പ്രശ്‌നം. കഴിഞ്ഞ 10 കൊല്ലമായി കോൺഗ്രസ് ഭരിക്കുന്ന നഗരസഭാ കൗൺസിലിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നിട്ടില്ല. ദേശീയപാത വികസനത്തിന് പ്രത്യേകിച്ച് കേരളത്തിന് ഇത്രയധികം പ്രാധാന്യം നൽകിയ സർക്കാർ കേന്ദ്രത്തിൽ ഇതിന് മുൻപുണ്ടായിട്ടില്ല.

അവസരം ഉപയോഗപ്പെടുത്തി കൃത്യമായി പദ്ധതി അവതരിപ്പിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനു പകരം ജനങ്ങളെ കബളിപ്പിക്കുന്ന പ്രതിഷേധമെന്ന തട്ടിക്കൂട്ട് പരിപാടി അവസാനിപ്പിക്കണം

ആർ. പത്മകുമാർ

ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്