കൊച്ചി: നഗരത്തിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മേയ് 31ന് പൂർത്തിയാകുമെന്നും ഏകദേശം 80 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായും കോർപ്പറേഷൻ അധികൃതർ.

243 ശുചീകരണ പ്രവൃത്തികളുടെ നടപടിക്രമങ്ങളാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ ആരംഭിച്ചത്. നഗരപരിധിയിലെ എല്ലാ കാനകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തുവരികയാണ്. കൂടാതെ നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി. 14 സ്ഥലങ്ങളിൽ ആവശ്യാനുസരണം ആറ് എച്ച്.പിമുതൽ 25 എച്ച്.പി വരെയുള്ള പമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കനാലുകളിലെ അധികജലം ഒഴുക്കി വിടുന്നതിന് പെട്ടി പറ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം കോർപ്പറേഷൻ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ സക്ഷൻ കം ജെറ്റിംഗ് മെഷീൻ എം.ജി റോഡിലെ കാനകളുടെ ശുചീകരണത്തിൽ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. നഗരത്തിൽ ജന പങ്കാളിത്തത്തോടെയുള്ള വെള്ളക്കെട്ട് പ്രവർത്തനങ്ങൾ ഇന്നലെവരെ നടന്നു. റസിഡന്റ്‌സ് അസോസിയേഷനുകളുടെയടക്കം നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.

............................................

കോർപ്പറേഷൻ പരിധിയിലെ എല്ലാ കനാലുകളുടെയും തോടുകളിലെയും പോളയും പായലും നീക്കം ചെയ്തു കഴിഞ്ഞു.

ചെൽസ സിനി, കോർപ്പറേഷൻ സെക്രട്ടറി

എം.ജി റോഡിലെ കാനയാണ് പ്രശ്നം

എം.ജി റോഡിലെ കാന അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണുള്ളതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഇവിടെ എത്രപ്രവൃത്തികൾ മുൻകൂട്ടി ചെയ്താലും വെള്ളം ഒഴുകുന്നതിന് തടസങ്ങളുണ്ട്. ഈ കാന പുനർനിർമ്മിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകു. പത്മ മുതൽ മുല്ലശേരി കനാൽ വരെയുള്ള ഭാഗത്താണ് കൂടുതൽ പ്രശ്നം നിലനിൽക്കുന്നത്. താഴ്ന്ന പ്രദേശങ്ങളായ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗം, കമ്മട്ടിപ്പാടം എന്നിവി​ടങ്ങളിൽ വെള്ളക്കെട്ട് നിവാരണം നടക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ട് ഉണ്ടാവാൻ സാദ്ധ്യതയുണ്ട്.

സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് തുടക്കം

നഗരത്തിലെ രാത്രികാല വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്കായി രാത്രി സ്ക്വാഡുകളുടെ പ്രവ‌ർത്തനങ്ങൾ ആരംഭിച്ചു. 21 സർക്കിളുകളിലായി 50 പേർ അടങ്ങുന്ന സ്ക്വാഡുകളാണുള്ളത്. മഴ ശക്തിപ്രാപിച്ചാൽ 75 പേരോളം പ്രവർത്തനങ്ങൾക്കുണ്ടാകും. പൊതുജനങ്ങൾക്ക് രാത്രികാലങ്ങളിൽ വെള്ളക്കെട്ട് ഭീഷണിയുണ്ടായാൽ മൈ കൊച്ചി ആപ്ലിക്കേഷൻ വഴി കോ‌‌ർപ്പറേഷനെ അറിയിക്കാം.