ചോറ്റാനിക്കര: മുളന്തുരുത്തി - ആരക്കുന്നം-കാഞ്ഞിരിക്കാപ്പിള്ളി റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ അഭ്യാസം അറി​യണം. റോഡ് നിർമ്മാണം തുടങ്ങിയിട്ട് 4മാസം കഴിഞ്ഞിട്ടും റോഡ് നവീകരണം പാതിവഴിയിൽ നിലച്ചതോടെയാണി​ത്. 2 കിലോമീറ്ററോളം ദൂരമുള്ള റോഡിൽ വീഴാതെ യാത്ര ചെയ്യുക വെല്ലുവി​ളി​ തന്നെയെന്ന് നാട്ടുകാരും പറയുന്നു.

ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് കഴിഞ്ഞമാസം ഫെബ്രുവരി 7ന് മുൻപ് റോഡ് പൊളിച്ച് ഒന്നര ഇഞ്ച് മെറ്റൽ വിരിച്ചെങ്കിലും തുടർ പ്രവർത്തനം നിലച്ചിരുന്നു.ജൽ ജീവൻ പദ്ധതിക്കായി റോഡ് പൊളിച്ചു പൈപ്പ് ഇട്ടതോടെയാണു പൊതുമരാമത്ത് വകുപ്പും ജല അതോറിട്ടി​യും തമ്മിൽ ഏകോപനം ഇല്ലാത്തതിന്റെ പേരിൽ നിർമ്മാണം പാതിവഴിയിൽ നി​ന്നത്. അതോടെ കരാറുകാരൻ നിർമാണം നിർത്തി. ഉപകരണങ്ങളുമായി കടുത്തുരുത്തിയിലേക്ക് പോയി.

പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം പുനരാരംഭിച്ചെങ്കി​ലും ബി. എം ചെയ്തപ്പോൾ തന്നെ തറയിൽ നിന്ന് ഒരടി റോഡ് ഉയർന്നതിനാൽ ഇരുവശങ്ങളിലും കട്ടിംഗ് രൂപപ്പെട്ട് അപകടം പതിവായി​. നി​രവധി​ വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.

സമീപത്തുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ അപകടത്തിൽപ്പെട്ട ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

പരി​ഹാരം

റോഡ് നിർമ്മാണം പൂർത്തീകരിച്ച് ( ബിസി ചെയ്തു ) ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്താൽ മാത്രമേ സുരക്ഷിതമായി റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കൂ. റോഡ് നിർമ്മാണം പാതിവഴിയിൽ ആയതിനെ തുടർന്ന് ആപ്റ്റീവ് കമ്പനിയിലേക്കു വരുന്ന നൂറുകണക്കിനു ജോലിക്കാരുമുൾപ്പെടെയാണു ദുരിതം അനുഭവിക്കുന്നത്.

സ്കൂൾ ബസുകൾ അടക്കം ഒട്ടേറെ വാഹനങ്ങൾ പോകുന്ന റോഡിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം അധികാരി

കെടുകാര്യസ്ഥതയാണെന്നാണ് ആക്ഷേപം. റോഡ് ബി.എം.ബി.സി നിലവാരത്തിലേക്കുയർത്താൻ ആപ്ടീവ് കമ്പനി ഒരു കോടി രൂപ മുളന്തുരുത്തി പഞ്ചായത്തിൽ കെട്ടി വെച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു. പണം നൽകി ഒന്നര വർഷത്തിനു ശേഷം നിർമ്മാണം ആരംഭിക്കാതായപ്പോൾ കേരളകൗമുദിയി​ൽ വാർത്ത നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയാക്കി ജോലികൾ ആരംഭിച്ചത്. അതും പാതിവഴിയിൽ നിലച്ചു.

.........................................................

റോഡ് നിർമാണം പുനരാരംഭിക്കാൻ കരാറുകാരനുമായി ചർച്ച നടത്തി. നിർമ്മാണം ഉടൻ ആരംഭിക്കും.

മറിയാമ്മ ബെന്നി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

മഴ ആയതിനാൽ നിർമ്മാണം ഉടൻ സാധിക്കുമോ എന്ന് അറിയില്ല. ജലജീവൻ പൈപ്പ് സ്ഥാപിച്ചതാണ് നിർമ്മാണം വൈകാൻ കാരണം.

അസിസ്റ്റന്റ് എൻജിനീയർ, മുളന്തുരുത്തി

കാഞ്ഞിരിക്കാപ്പിള്ളി റോഡിന്റെ ബി എം ബി സി ടാറിംഗ് അട്ടിമറിച്ചതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനി​യറുടെയും എൻജിനി​യറിംഗ് ഉദ്യോഗസ്ഥരുടെയും അനാസ്ഥയിൽ പ്രതിഷേധിച്ച് വാർഡ് മെമ്പർ അനിശ്ചിതകാലത്തേക്ക് നിരാഹാരം ആരംഭിക്കും. റോഡിന്റെ ബി.എം.ബി.സി വർക്കുകൾ ആരംഭിക്കുന്നത് വരെ സമരപരിപാടികൾ നീണ്ടുപോകും.

റെഞ്ചി കുര്യൻ കൊള്ളിനാൽ, ഏഴാം വാർഡ് മെമ്പർ