rajeev-p
'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ വിശദ പദ്ധതിയുടെ ഡി.പി.ആർ മന്ത്രി പി.രാജീവ് പ്രകാശിപ്പിക്കുന്നു

#പൂർത്തിയാക്കിയത് 18 കോടിയുടെ പ്രവർത്തനങ്ങൾ

ആലുവ: കളമശേരിയിൽ നടപ്പാക്കുന്ന 'കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ടും ജലവിഭവ ഭൂപടവും തയ്യാറായി​. സംസ്ഥാനത്താദ്യമായി ഒരു നിയമസഭാ മണ്ഡലത്തിന് വേണ്ടി മാത്രം 327 കോടി രൂപ ചെലവഴി​ക്കുന്ന കാർഷിക വികസന പദ്ധതിയാണി​ത്. മന്ത്രി പി. രാജീവാണ് നേതൃത്വം നൽകുന്നത്.

മണ്ഡലത്തിലെ 4482 ഹെക്ടർ കൃഷിഭൂമിയുടെ ഉത്പാദനക്ഷമത പൂർണമായും ഉപയോഗപ്പെടുത്തുന്നതി​നായി​ 18 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തിയാക്കി. 309.43 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കായി നിർദേശവും തയ്യാറാക്കിയിട്ടുണ്ട്. കൃഷി - ജലവിഭവ വകുപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കെ.എൽ.ഡി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ സംയോജിപ്പിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലത്തിലെ 4482 ഹെക്ടർ കൃഷിഭൂമി പൂർണമായും കൃഷിക്കായി ഉപയുക്തമാക്കും.

ജലസേചന സൗകര്യങ്ങൾ രേഖപ്പെടുത്തുന്ന ജലവിഭവ ഭൂപടവും തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ 168 കി.മീറ്റർ ദൈർഘ്യമുള്ള നീർച്ചാലുകൾ, പെരിയാർവാലി ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ എന്നിവ പൂർണ്ണതോതിൽ ഉപയോഗപ്പെടുത്തും.

ആലങ്ങാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി പി രാജീവ് ഡി.പി.ആർ പ്രകാശിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷനായി. ഏലൂർ മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ, കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, തൊഴിലുറപ്പ് പദ്ധതി ജില്ലാ എഞ്ചിനീയർ ബ്രില്ലി മാനുവൽ, കൃഷിക്കൊപ്പം കളമശേരി കോർഡിനേറ്റർ എം.പി. വിജയൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

................................

ടോപ്പോ ഷീറ്റ്, ഗൂഗിൾ എർത്ത്, തീമാറ്റിക് മാപ്പ് എന്നിവയുടെ സഹായത്തോടെ സാങ്കേതിക പരിശോധന പൂർത്തിയാക്കിയാണ് പദ്ധതി റിപ്പോർട്ടും ജലവിഭവ ഭൂപടവും തയ്യാറാക്കിയത്. കൃഷിക്കൂട്ടങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ സാദ്ധ്യമാക്കുന്നതിനും കർഷകന് വിപണി കണ്ടെത്താൻ വേണ്ട സഹായം ലഭ്യമാക്കാനും പദ്ധതിയുടെ ആദ്യഘട്ടത്തിലൂടെ സാധിച്ചു.

മന്ത്രി പി.രാജീവ്