മൂവാറ്റുപുഴ: വേനൽമഴ കനത്തതോടെ മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിൽ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് മുന്നിലെ കാവുംപടി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമടക്കം കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായുള്ള ഓടകളിൽ വെള്ളം നിറഞ്ഞതോടെയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. വാഹനങ്ങൾ ഓടയിൽ താഴുന്നതും പതിവാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ വ്യാപരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. എം.സി റോഡിലും, കച്ചേരിത്താഴത്തുമടക്കം പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കാന നിർമ്മാണം നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളോ മുൻ ഒരുക്കങ്ങളോ ഒരുക്കിയിട്ടില്ല. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഴശക്തമായൽ മൂവാറ്റുപുഴ നഗരത്തിലെത്തുന്നവർക്ക് ലക്ഷ്യത്തിലെത്തണമെങ്കിൽ മണിക്കൂറുകളുടെ താമസമാണ് വരുന്നത്.