ആലുവ: ബംഗളൂരുവിലെ താമസ സ്ഥലത്ത് നിന്ന് ഹംഗാര പോളിനെ പിടികൂടുന്നത് വരെ രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ വമ്പൻ സ്രാവിനെയാണ് പിടികൂടുന്നതെന്ന് റൂറൽ പൊലീസിനും അറിയില്ലായിരുന്നു.

ബംഗളൂരുവിൽ പഠിക്കാനെത്തി മയക്കുമരുന്ന് നിർമ്മാണവും വിപണനവുമായി സ്ഥിരമാവുകയായിരുന്നു ഇയാൾ. മയക്ക് മരുന്ന് നിർമ്മാണത്തിന് ഡൽഹി പ്രാന്തപ്രദേശത്തെ മരുന്നു നിർമ്മാണ കമ്പനികൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. ഹാംഗാര പോൾ നിർമ്മാണത്തിന് നേതൃത്വം നൽകുന്നതിനാൽ മയക്കുമരുന്ന് മാഫിയകൾക്കിടയിൽ 'ക്യാപ്റ്റ"നായി. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ മയക്കുമരുന്നു വിതരണവും ഇയാളിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിവൈ.എസ്.പി എ. പ്രസാദ് പറഞ്ഞു. ഹോസ്റ്റലുകളും കാമ്പസുകളും കേന്ദ്രീകരിച്ചാണ് വിതരണം. എളുപ്പത്തിൽ പണമുണ്ടാക്കാം എന്നതാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

മടിവാള ആഫ്രിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. വാട്‌സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് വിതരണം.

വിപുലമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അറിയിച്ചു.