parakallu
മേതല കല്ലിൽ ഗുഹാക്ഷേത്രത്തിനു സമീപം മണ്ണ് എടുത്തു കൊണ്ടിരുന്ന സ്ഥലത്തു നിന്നും ഭീമാകാരമായ പാറ100 മീറ്റർ താഴെ ജനവാസ മേഖലയിൽ പതിച്ചപ്പോൾ

പെരുമ്പാവൂർ: ചരിത്ര സ്മാരകമായ മേതല കല്ലിൽ ഗുഹാ ക്ഷേത്രത്തിന് വിളി പ്പാടകലെ അപകടകരമാംവിധം മലയിടിച്ച് സ്വകാര്യ മണ്ണ്- പ്ലൈവുഡ് മാഫിയ. കഴിഞ്ഞ ദിവസം മണ്ണ് എടുത്തു കൊണ്ടിരുന്ന സ്ഥലത്ത് നിന്നും മഴ പെയ്തപ്പോൾ ഭീമകാരമായ പാറ 100 മീറ്റർ താഴെ ജനവാസ മേഖലയിൽ പതിച്ചു. 15 മീറ്റർ മാത്രം അകലെയുളള മേതല പനക്കൽ വർഗീസിന്റെ വീടും വീട്ടിലുണ്ടായിരുന്നവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആ സമയത്ത് 85 ഉം 80 വയസുള്ള വർഗീസും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇനിയും പാറകൾ പതിക്കുമോ എന്ന ഭീതിയിലാണ് പരിസരവാസികൾ. പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി ഷാജിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. മേഖലയിൽ പ്ലൈവുഡ് കമ്പനികൾ പെരുകിക്കൊണ്ടിരിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഇവർക്കുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.