മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത്‌ പ്രദേശത്തെ പൊതുകിണറുകളും പൊതുകുളങ്ങളും ശുചീകരിച്ച് ഉപയോഗയോഗ്യമാക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ആവോലി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡുകളിൽ കുടിവെള്ളത്തിനായി പൊതു ജനങ്ങൾ ആശ്രയിക്കുന്ന നിരവധി കുളങ്ങളും കിണറുകളുമുണ്ട്. കാലവർഷത്തിനുമുമ്പ് ഇവ ശുചീകരിച്ചാൽ വേനൽക്കാലത്തും ഉപയോഗിക്കാം. സ്വന്തമായി കിണറില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് ഇത് ആശ്രയമാകും. കുളങ്ങളിലും കിണറുകളിലും മാലിന്യം വലിച്ചെറിയുന്നതും തടയാനാകും. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ജനകീയ, സന്നദ്ധ സംഘടനാ പിന്തുണയോടെ ശുചീകരണ പ്രവർത്തനം നടത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മേഖലാ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.