ആലുവ: രഹസ്യക്യാമറയിലൂടെ വീട്ടിലെ മോഷണശ്രമം കണ്ട വീട്ടുടമ കുവൈറ്റിൽ നിന്ന് നാട്ടുകാരെ വിവരമറിയിച്ച് കവർച്ച തടഞ്ഞു. ആലുവ തോട്ടക്കാട്ടുകരയിൽ ഡോ. ഫിലിപ്പാണ് സ്വന്തം വീട്ടിലെ കവർച്ച സമയോചിതമായ ഇടപെടലിലൂടെ തടഞ്ഞത്.
മണപ്പുറം ആൽത്തറ റോഡിൽ നടൻ നിവിൻ പോളിയുടെ വീടിനടുത്താണ് ഡോ. ഫിലിപ്പിന്റെ വീട്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മൂന്നംഗ സംഘം കവർച്ചക്കെത്തി. രണ്ട് പേർ വീടിനു പുറത്ത് പുഴ ഭാഗത്ത് കാവൽ നിന്നു. ഒരാൾ വീട്ടിൽ കയറി. മുകൾ ഭാഗത്തെ വാതിൽ പൊളിക്കാനുള്ള ശ്രമം നടന്നില്ല.
ഇതിനിടയിലാണ് കുവൈറ്റിലിരുന്ന് വീട്ടുകാർ ദൃശ്യങ്ങൾ കാണുന്നത്. തുടർന്ന് തോട്ടയ്ക്കാട്ടുകരയിലെ സുഹൃത്തിനെ വിവരം വിളിച്ചറിയിച്ചു. ഇയാൾ ഓടി വരുന്നതു കണ്ട് പ്രതികൾ കവർച്ചാ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ആറ് വർഷം മുമ്പും ഇതേ വീട്ടിൽ സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു.