ദേശീയ വിദ്യാഭ്യാസനയം അനുസരിച്ചുള്ള നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം വിദ്യാർത്ഥി സൗഹൃദവും തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതുമാകണം
നാലു വർഷ കോഴ്സുകൾ അദ്ധ്യാപകർ രൂപകല്പനചെയ്യുമ്പോൾ ഇതു സംബന്ധിച്ച് വ്യക്തമായ ചർച്ചകൾ നടക്കണം. ലോകത്താകമാനമുള്ള വിദ്യാഭ്യാസ, തൊഴിൽ പ്രവണതകൾ വിലയിരുത്തണം.
1918 മുതൽ യു.കെയിലും അമേരിക്കയിലും നാലുവർഷ ഓണേഴ്‌സ് ബിരുദം നിലവിലുണ്ട്. ഇന്ത്യയിൽ അഭ്യസ്ഥവിദ്യരിൽ സ്‌കിൽ/തൊഴിൽ നൈപുണ്യ നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്. എന്നാൽ വികസിത രാജ്യങ്ങളിലിത് 67 ശതമാനത്തിലേറെയാണ്. ഇത് തന്നെയാണ് ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് കാരണം!
വികസിത രാജ്യങ്ങളിൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കാൻ നാലുവർഷ ഓണേഴ്‌സ് അണ്ടർ ഗ്രാജ്വേറ്റ് പഠനം നിർബന്ധമാണ്. അതായത് ഒന്നാം ക്ലാസ് മുതൽ 16 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് മാത്രമേ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് ചേരാൻ സാധിക്കൂ. എന്നാൽ, അമേരിക്ക ഒഴികെയുള്ള രാജ്യങ്ങൾ ഇപ്പോൾ ഈ രീതിയിൽ നിന്നു മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ചില പ്രീ ക്രെഡിറ്റ് കോഴ്‌സുകളുണ്ട്.
വിദേശപഠനത്തിന്റെ സാദ്ധ്യതകൾ വിലയിരുത്തിയാണ് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാം വിപുലപ്പെടുത്തുന്നത്. ഇതിനു മുമ്പ് ഡൽഹി സർവ്വകലാശാലയിൽ ഇതിനുള്ള നീക്കങ്ങൾ നടന്നപ്പോൾ വിദ്യാർത്ഥികൾ സമരം ചെയ്ത് പ്രസ്തുത നീക്കം തടഞ്ഞു.
ഗ്ലോബൽ സ്‌കിൽസ് -2023
..........................................................
അടുത്തിടെ പുറത്തിറങ്ങിയ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ട് വിലയിരുത്തി പരമ്പരാഗത കോഴ്‌സുകളിൽ കാലിക മാറ്റം വരുത്തണം. ഡിജിറ്റലൈസേഷൻ, ഓട്ടോമേഷൻ, ആഗോളവത്കരണം എന്നിവയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിൽ സ്‌കിൽ വികസനത്തിന് പ്രസക്തിയേറുന്നുവെന്നാണ് 2023 ലെ ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അപ് സ്‌കില്ലിംഗ്, റീ സ്‌കില്ലിംഗ് എന്നിവയ്ക്ക് പ്രസക്തിയേറുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിലും 60 ശതമാനം തൊഴിലാളികൾക്കും 2027നുള്ളിൽ തുടർപരിശീലനം ആവശ്യമായി വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. 100 രാജ്യങ്ങളിലെ 124 ദശലക്ഷം പഠിതാക്കളിൽ നിന്നുള്ള ഡാറ്റ വിലയിരുത്തിയാണ് ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഗ്ലോബൽ സ്‌കിൽസ് റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഇവയാണ്. സാമ്പത്തിക വളർച്ച സ്‌കിൽ പ്രാവീണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്റർനെറ്റ് സേവനം സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ബിരുദാനന്തര യോഗ്യതയുള്ളവരാണ് എ.ഐ അധിഷ്ഠിത സ്‌കില്ലുകൾ സ്വായത്തമാക്കുന്നത്. ഡിജിറ്റലൈസേഷനും സർട്ടിഫിക്കേഷനും കൂടുതൽ വിദ്യാർത്ഥികൾ തയ്യാറാകുന്നു. സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയിൽ കൂടുതൽ ഓൺലൈൻ കോഴ്‌സുകൾ പഠിക്കാൻ പെൺകുട്ടികൾ താത്പര്യപ്പെടുന്നു.
ബിസിനസ്, ടെക്‌നോളജി, ഡാറ്റ സയൻസ് സ്‌കില്ലുകൾക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷൻ, സംരംഭകത്വം, സാമ്പത്തികം, മനുഷ്യവിഭവശേഷി, ലീഡർഷിപ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, സെയിൽസ് , സ്ട്രാറ്റജി & ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട സ്‌കില്ലുകൾക്ക് ആവശ്യകതയേറുന്നു. ഓഡിറ്റിംഗ്, പീപ്പിൾ മാനേജ്‌മെന്റ്, ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവ ഇവയിൽപ്പെടും. ടെക്‌നോളജി സ്‌കില്ലുകളിൽ ക്‌ളൗഡ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ നെറ്റവർക്കിംഗ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, ഡാറ്റാബേസ്, മൊബൈൽ ഡെവലപ്‌മെന്റ്, ഓപ്പറേഷൻസ് സിസ്റ്റംസ്, സെക്യൂരിറ്റി എൻജിനിയറിംഗ്, സോഫ്റ്റ്‌വെയർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, വെബ് ഡെവലപ്‌മെന്റ് എന്നിവയ്ക്ക് പ്രാധാന്യമേറുന്നു. ഡാറ്റ സയൻസിൽ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്‌മെന്റ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേണിംഗ്, മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടർ ആർക്കിടെക്ചർ, ബയോഇൻഫോർമാറ്റിക്‌സ്, എപിഡെമിയോളജി എന്നിവ ഉൾപ്പെടും.
സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, കാലാവസ്ഥാവ്യതിയാനം, ഇനവേഷൻ സാങ്കേതികവിദ്യ എന്നിവയ്ക്ക് പ്രാധാന്യം നൽകണം. വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിംഗ്, ജോയിന്റ്, ഡ്യൂവൽ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കണം.
ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിവേണം നാലുവർഷ ഓണേഴ്‌സ് പ്രോഗ്രാം നടപ്പിലാക്കാൻ.