കൊച്ചി: ലൈഫ് പദ്ധതിയിൽ പാവങ്ങൾക്ക് വീട് നിർമ്മിക്കാൻ വേണ്ടത്ര സ്ഥലം ലഭിക്കാതിരിക്കെ, സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ നൂറിലേറെ ഏക്കർ ഭൂമി വിവിധ ജില്ലകളിലായി കാടുകയറിക്കിടക്കുന്നു.
എറണാകുളം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലായി 63.42 ഏക്കർ വെറുതേ കിടപ്പുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലായും ഇത്രയോളം ഭൂമിയുണ്ട്. ഇതു സംബന്ധിച്ച് ബോർഡിന്റെ പക്കൽ കൃത്യമായ കണക്കില്ല. സ്ഥലം അളന്നുതിട്ടപ്പെടുത്താൻ ജി.ഐ.എസ് മാപ്പിംഗ് നടക്കുന്നുവെന്നാണ് വിശദീകരണം. 28 ഇടങ്ങളിലായി 23.6039 ഏക്കർ തരിശു കിടക്കുന്ന എറണാകുളം ജില്ലയാണ് കണക്കിൽ മുന്നിൽ. ഏറ്റവും കുറവ് മലപ്പുറത്താണ് - മൂന്നിടത്തായി 150 സെന്റ്. ലൈഫ് ഭവന പദ്ധതിക്കായി 'മനസോടിത്തിരി മണ്ണ്" കാമ്പയിനിലൂടെ സ്വകാര്യ വ്യക്തികളിൽ നിന്ന് 2800 സെന്റ് ഭൂമി സൗജന്യമായി സംഘടിപ്പിച്ചിരുന്നു. എന്നിട്ടും ഭവന നിർമ്മാണ ബോർഡിന്റെ ഭൂമി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടില്ല.
കൈയേറ്റവും വ്യാപകം
ബോർഡിന്റെ ഭൂമി കൈയേറിയതു സംബന്ധിച്ച് എറണാകുളത്ത് മാത്രം ആറ് കേസുണ്ട്. കൈയേറിയ സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല. 2014വരെ ബോർഡ് കരമടച്ച എറണാകുളം വാഴക്കാലയിലെ കോടികൾ വിലമതിക്കുന്ന 70 സെന്റ് സ്വകാര്യ വ്യക്തി കൈയേറി. ഹൈക്കോടതിയിൽ കേസിലാണിപ്പോൾ. എറണാകുളം സ്വദേശി രാജു വാഴക്കാലയ്ക്ക് വിവരാവകാശപ്രകാരം ലഭിച്ച കണക്കുകളാണിത്.
തരിശു ഭൂമി
(ഏക്കറിൽ)
#എറണാകുളം - 23.6039
#കോഴിക്കോട് - 19.7154
#പാലക്കാട് - 13.37455
#കണ്ണൂർ - 2.2329
#മലപ്പുറം - 1.5
സ്കൂൾ യൂണിഫോം: വിതരണത്തിൽ പ്രതിസന്ധി
തിരുവനന്തപുരം: സ്കൂൾ തുറക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ബഹുഭൂരിപക്ഷം സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ യൂണിഫോമെത്തിയിട്ടില്ല. ജോഡിയായി നൽകേണ്ട തുണിത്തരങ്ങൾ പൂർണമായി എത്താത്തതിനാൽ വിതരണം ചെയ്യാനാകാത്ത സ്ഥിതിയുമുണ്ട്. അതേസമയം, കഴിഞ്ഞദിവസം യൂണിഫോമിന്റെ സംസ്ഥാനതല വിതരണം നടന്നു.
ഒന്ന് മുതൽ എട്ടു വരെ ക്ളാസുകളിൽ 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സൗജന്യ യൂണിഫോം നൽകുന്നത്. ഒന്ന് മുതൽ നാലുവരെ മാത്രമുള്ള എല്ലാ സ്കൂളുകളിലും തുണിത്തരം നൽകും. എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ നാല് വരെ തുണിത്തരവും അഞ്ച് മുതൽ എട്ട് വരെ രണ്ട് ജോഡി യൂണിഫോമിനായി 600 രൂപ അലവൻസും. സർക്കാർ നൽകുമെന്ന പ്രതീക്ഷയിൽ കൈയിൽനിന്ന് പണം മുടക്കി യൂണിഫോം വിതരണം ചെയ്ത അദ്ധ്യാപകരാകട്ടെ പ്രതിസന്ധിയിലുമായി.
...............................
സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധിമൂലമാണ്. ധനവകുപ്പ് പണം അനുവദിച്ചിട്ടുണ്ട്. അത് ഈ വർഷം കൊടുത്ത് തീർക്കും.
വി.ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മന്ത്രി