മട്ടാഞ്ചേരി: കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമല്ലെന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിൽ കഴിഞ്ഞദിവസങ്ങളിലെ മഴയിൽ പലേടത്തും വെള്ളക്കെട്ടുണ്ടായി.
ഓപ്പറേഷൻ ബ്രേക്ക്ത്രൂ എന്നപേരിൽ ആരംഭിച്ച പദ്ധതിയിലൂടെ നഗരത്തിലെ ഓടകളും കനാലുകളുമെല്ലാം ശുചീകരിക്കുമെന്നും അതുവഴി വെള്ളക്കെട്ടിനെ പ്രതിരോധിക്കുമെന്നുമുള്ള കൊച്ചി കോർപ്പറേഷന്റെ പ്രഖ്യാപനം പാലിക്കപ്പെട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മഴയുടെ തുടക്കത്തിലേ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ കാലവർഷം ശക്തമായാൽ സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്നാണ് വിലയിരുത്തൽ.
കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയറും ഭൂരിഭാഗം സ്ഥിരംസമിതി അദ്ധ്യക്ഷരരും പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവരാണെന്നിരിക്കെ വെള്ളക്കെട്ട് പരിഹാരത്തിന് ഈ മേഖലയിൽ കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നാണ് കൗൺസിലർമാർ ആവശ്യപ്പെടുന്നു. മാർച്ചിലേ കോർപ്പറേഷൻ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും 80 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചുവെന്നുമുള്ള മേയറുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
* മേയർ അടിയന്തര നടപടി സ്വീകരിക്കണം
ഈ മാസം ആദ്യം മാത്രമാണ് വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. പണ്ടാരച്ചിറ തോട്, മാന്ത്രകനാൽ, കൽവത്തി, രാമേശ്വരം കനാലുകൾ എന്നിവ ഉൾപ്പെടെ ബന്ധിപ്പിക്കുന്ന വലിയ തോടുകളിലെ അവസ്ഥ വളരെ പരിതാപകരമാണ്. ഇതുവരെ ചെളിനീക്കം നടന്നിട്ടില്ല. വലിയ തോടുകളിൽ പോളപ്പായലും ചെളിയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നതിനാൽ മഴപെയ്താൽ വെള്ളക്കെട്ട് ഉണ്ടാകും. മേയർ വിഷയത്തിൽ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം.
അഡ്വ. ആന്റണി കുരീത്തറ,
നഗരസഭ പ്രതിപക്ഷ നേതാവ്