അങ്കമാലി: നായത്തോട് എയർപോർട്ട് ഭാഗത്ത് താവളമടിക്കുന്ന ഗുണ്ടാ - മയക്കുമരുന്ന് - മണ്ണ് മാഫിയാ സംഘങ്ങൾക്കെതിരെ സി.പി.എം നേതൃത്വത്തിൽ നായത്തോട് സൗത്തിൽ ബഹുജനങ്ങളെ അണിനിരത്തി റെഡ് അലർട്ട് സംഘടിപ്പിച്ചു. കൊലപാതക കേസിലടക്കം ശിക്ഷ അനുഭവിച്ചവരും ജാമ്യത്തിലിറങ്ങിയവരും ക്രിമിനൽ കേസുകളിലെ പ്രതികളും അടങ്ങുന്ന സംഘമാണ് നായത്തോട് എയർപോർട്ട് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രാസമാലിന്യങ്ങൾ ഉപയോഗിച്ച് ഭൂമി നികത്തിയത്. നാട്ടുകാരുടെയും സി.പി.എം പ്രവർത്തകരുടെയും ശക്തമായ പ്രതിരോധത്തെ തുടർന്നാണ് ഭൂമി നികത്താൻ ഉപയോഗിച്ച രാസമാലിന്യം ഏറിയപങ്കും നീക്കം ചെയ്തത്. നായത്തോട് മേഖലയിലെ പാടശേഖരങ്ങൾ പലതും നികത്താൻ ക്വട്ടേഷൻ എടുക്കുന്നതും ഈ സംഘങ്ങളാണ്. പ്രദേശത്തെ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിച്ച് പണം നൽകാതെ പോവുക, കടകളിൽ കയറി ഗുണ്ടാ പിരിവെടുക്കുക, കുട്ടികളെയും സ്ത്രീകളേയും ശല്യപ്പെടുത്തുക, ഒഴിഞ്ഞ വീടുകളിൽ മദ്യസൽക്കാരം തുടങ്ങിയ സാമൂഹ്യദ്രോഹ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ട്. ഒപ്പം മയക്കുമരുന്ന് മാഫിയ സംഘങ്ങളും പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഇതിനെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. നായത്തോട് സൗത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച റെഡ് അലർട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി.കെ. രാജൻ അദ്ധ്യക്ഷനായി. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ്, കൗൺസിലർ രജിനി ശിവദാസൻ, ഷാജി യോഹന്നാൻ, ജിജോ ഗർവാസീസ് വിനീത ദിലീപ്, രാഹുൽ രാമചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖല പ്രസിഡന്റ് ബൈജു ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.