തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ നടത്തിയ സമരം തൃപ്പൂണിത്തുറ എം.എൽ.എയുടെ നിഷ്ക്രിയത്വം ചർച്ചയായതോടെ അവസാനിപ്പിച്ചെന്ന് ഭരണപക്ഷത്തിന്റെ ആക്ഷേപം. കക്കാട് പമ്പ്ഹൗസിലെ സാങ്കേതിക തകരാറിനെത്തുടർന്ന് കുടിവെള്ളവിതരണം ഭാഗികമായി തടസപ്പെട്ടതിനെ തുടർന്നാണ് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്തിനും ജലഅതോറിറ്റിക്കും എതിരെ എറണാകുളം ജലഅതോറിറ്റിയുടെ മുമ്പിൽ റിലേ സമരവുമായി രംഗത്തിറങ്ങിയത്.

ഇതിനിടെ ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജല അതോറിറ്റി ചീഫ് എൻജിനിയറുമായി ചർച്ചചെയ്തു കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. അതോടെയാണ് യു.ഡി.എഫ് അംഗങ്ങൾ തിങ്കളാഴ്ചത്തെ സമരം പഞ്ചായത്തിന് മുന്നിലേക്ക് മാറ്റിയതെന്ന് ഭരണപക്ഷം പറയുന്നു. പഞ്ചായത്ത് ഭരണസമിതിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമായാണ് യു.ഡി.എഫ് സമരമെന്ന് പ്രസിഡന്റ് സജിത മുരളി പറഞ്ഞു.

കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകളിൽ രണ്ടുദിവസംവീതം ജലവിതരണം നടത്തുന്നതിന് തീരുമാനമായി. ഉദയംപേരൂർ പഞ്ചായത്തിന് അർഹതപ്പെട്ട 34 ദശലക്ഷം ലിറ്റർ കുടിവെള്ളം ഉറപ്പുവരുത്താമെന്ന് ചീഫ് എൻജിനിയർ അറിയിച്ചിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ ജൂൺ 6ന് ചേരുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം പരിശോധിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.