കൂത്താട്ടുകുളം: ഇലഞ്ഞി - പുതുവേലി - പെരുവ റോഡിൽ ഇലഞ്ഞി കാലാനിമറ്റം ഭാഗത്ത് ടോറസിന്റെ പിറകുവശത്തെ ഡോർ തനിയെ തുറന്ന് ഒന്നര ഇഞ്ച് മിറ്റൽ റോഡിൽ വീണു. പുറകെ വന്ന രണ്ട് ടൂവീലറുകൾ മെറ്റലിൽ കയറി മറിഞ്ഞുവെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു. മെറ്റൽ ഭാഗങ്ങൾ ഇലഞ്ഞി ടൗൺ വരെ വീണ് യാത്ര ചെയ്യാൻ പറ്റാത്ത വിധമായി. ഇന്നലെ പകൽ ഒരു മണിയോടെയാണ് സംഭവം. ഡ്രൈവർ നിർത്താതെ കടന്നു കളയാൻ ശ്രമിച്ചുവെങ്കിലും വിവരമറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ജോസഫ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് വണ്ടി തടഞ്ഞു നിർത്തി. ഒപ്പം പഞ്ചായത്ത് പ്രസിഡണ്ട് പ്രീതി അനിൽ, പഞ്ചായത്ത് അംഗം ജയശ്രീ സനൽ എന്നിവരും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. കൂത്താട്ടുകുളം പോലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്ത് എത്തുകയും ടോറസ് ലോറിക്കാരെ കൊണ്ട് തന്നെ റോഡിൽ വീണ മുഴുവൻ മെറ്റലും അവരുടെ ചെലവിൽ നീക്കം ചെയ്യിച്ചു . കൂത്താട്ടുകുളം ഫയർഫോഴ്സ് റോഡ് കഴുകി വൃത്തിയാക്കി വൈകീട്ട് നാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു . തൊടുപുഴയിലെ ക്രഷറിൽ നിന്നും വൈക്കം ഭാഗത്തേക്ക് കൊണ്ടുപോയ മെറ്റലാണ് റോഡിലേക്ക് വീണത്.