കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 10 -ാം വാർഡിൽ മഞ്ഞപിത്തംബാധിച്ച് മരണമടഞ്ഞ സജീവ് കൊറ്റാലിക്കുടിയുടെ കുടുംബത്തെ സഹായിക്കുവാൻ കുടുംബ സഹായനിധി സ്വരൂപിക്കുവാൻ നാട്ടുകാർ. നിർദ്ധന കുടുംബത്തിലെ പഠിക്കുന്ന രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന ഏക ആശ്രയമായിരുന്നുമേസരിയായിരുന്ന സജീവ്. കുടുംബത്തിന് വീടു പണിതു കൊടുക്കുന്നതിനും സഹായ നിധി ലക്ഷ്യമിടുന്നു. പഞ്ചായത്തു കമ്മിറ്റി ചേർന്ന് കുടുംബത്തിന് പരമാവധി ധനസഹായം അനുവദിക്കണമെന്ന് പ്രമേയം പാസാക്കി.
മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രിക്കും കളക്ടർക്കും നിവേദനം കൊടുത്തു. മുടക്കുഴയിലെ മഞ്ഞപ്പിത്തം വ്യാപനം പിടിച്ചു നിർത്തുവാൻ പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്ന് 10000 രൂപ വീതം ആരോഗ്യ വകുപ്പിന് വാർഡുതല ത്തിൽ പഞ്ചായത്ത് അനുവദിച്ച് സൂപ്പർ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിരുന്നു. സർക്കാരിൽ നിന്നു അടിയന്തര സഹായം ലഭ്യമാക്കുന്നതിന് ആർ ഡി.ഒ.യുടെ നേതൃത്വത്തിൽ ഇന്നലെ വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. എത്രയും വേഗം മരണമടഞ്ഞ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. അവറാച്ചൻ സർക്കാരിനോടാവശ്യപ്പെട്ടു.