പറവൂർ: ദേശീയപാത 66ൽ പറവൂർ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന് ഉയരം കൂട്ടും. പാലത്തിന് ഉയരക്കുറവും വീതി കുറച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് പ്രതിപക്ഷനേതാവ് വിഷയം പരിഹരിക്കാൻ ജില്ലാകളക്ടറോട് നിർദേശിച്ചിരുന്നു.
ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലങ്ങൾ പരിശോധിക്കാൻ തിരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ദേശീയപാത ഉദ്യോഗസ്ഥരും കരാർ കമ്പനി അധികൃതരും സംയുക്തമായി പരിശോധന നടത്തിയത്. പാലത്തിന്റെ ഉയരം കുറവാണെന്ന് കണ്ടെത്തി. ഉയരം കൂട്ടാനുള്ള നിർദേശം കരാർ കമ്പനി അധികൃതർക്ക് ദേശീയപാത ഉദ്യോഗസ്ഥർ നൽകി. മൂത്തകുന്നം കവലയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരമായി പുഴയിലേക്ക് കാന നിർമ്മിക്കാനും ഗോതുരുത്ത് കവലിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ റോഡിന് കുറുകെ സ്ഥാപിക്കാതെ മൂത്തകുന്നം കവലയിൽ നിന്നുള്ള അണ്ടർ പാസിലൂടെയാക്കണമെന്നും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുറവൻതുരുത്ത് കണ്ണംമ്പിള്ളി ഇടത്തോട് മൂടിയത് തുറക്കാനും സർവീസ് റോഡുകളില്ലാത്ത ഭാഗത്ത് റോഡ് നിർമ്മിക്കുന്നത് പരിശോധിക്കാനും ധാരണയായി. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ അബ്ബാസ്. ദേശീയപാത അതോറിട്ടി മാനേജർ ജോൺ ജീവന്‍ ജോസഫ്, ഓറിയന്റൽ കമ്പനി, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
..............................................
കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്ത് പ്രദേശത്തെ സംയുക്ത പരിശോധന ഇന്ന് നടക്കും.
പ്രതിപക്ഷനേതാവ്