കൊച്ചി/നെടുമ്പാശേരി: അവയവക്കടത്ത് റാക്കറ്റ് കുവൈറ്റ് വഴി ഇറാനിലേക്ക് കടത്തിയവരെ അപായപ്പെടുത്തിയിട്ടുണ്ടോയെന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. വൃക്കമാത്രം ദാനംചെയ്യാൻ സന്നദ്ധ അറിയിച്ചവരെ അപായപ്പെടുത്തി മറ്റ് അവയവങ്ങളും അപഹരിച്ചുണ്ടാകാമെന്ന സംശയം ബലപ്പെട്ട സാഹചര്യത്തിലാണിത്. രണ്ടു പേർ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്.

പശ്ചിമേഷ്യയിലെ പ്രധാന അവയവ കൈമാറ്റ മാർക്കറ്റാണ് ഇറാൻ. അവയവങ്ങൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോഗികളും ധാരാളമായി ഇവിടേക്ക് എത്തുന്നു.

അറസ്റ്രിലായ തൃശൂർ എടമുട്ടംസ്വദേശി സാബിത്ത് നാസർ ഇറാനിലെത്തിച്ച പാലക്കാട്ടുകാരനെക്കുറിച്ച് ഒരു വർഷത്തിലധികമായി വിവരമില്ല. കുടുംബത്തെയും ഇയാൾ ബന്ധപ്പെട്ടിട്ടില്ല.

അവയവക്കച്ചവടത്തിനായി യുവാക്കളെ കടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണി ഇറാനിൽ താമസിക്കുന്ന എറണാകുളം സ്വദേശിയാണെന്നാണ് സാബിത്തിന്റെ മൊഴി. റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് ഹൈദരാബാദിലാണ്.

സാബിത്തിനെ മൊഴിപ്രകാരം 20 പേരെ വൃക്കദാനത്തിനായി ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. ഇതിൽ 19 പേരും ഹൈദരാബാദ്, ബംഗളൂരൂ സ്വദേശികളാണ്.

 പ്രത്യേകസംഘം

കേസന്വേഷണത്തിന് ആലുവ ‌ഡിവൈ.എസ്.പി പ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തംഗ സംഘത്തിൽ അന്വേഷണോദ്യോഗസ്ഥനായി നെടുമ്പാശേരി ഇൻസ്പെക്ടർ തുടരും. സമഗ്രാന്വേഷണം വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പ്രത്യേകസംഘത്തിന് രൂപം നൽകിയത്.

 ചോദ്യങ്ങൾ ഏറെ

രാജ്യാന്തര ബന്ധമുള്ള അവയവക്കടത്ത് കേസിൽ കുറഞ്ഞ വിവരങ്ങൾ മാത്രമേ പൊലീസിന്റെ മുന്നിലെത്തിയിട്ടുള്ളൂ. സാബത്തിനെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ട്. ഇതിനായി 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇന്ന് പൊലീസ് കോടതിയിൽ അപേക്ഷ സമ‌‌‌‌ർപ്പിക്കും.