കൊച്ചി: പെരിയാറിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെയായി തിങ്കളാഴ്ച അർദ്ധരാത്രിയോടെ വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. കൂട് മത്സ്യക്കൃഷിക്കാർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ട്. 10 മുതൽ 15 ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചവരുണ്ട്. വിളവെടുക്കാറായ കരിമീനും കാളാഞ്ചിയുമാണ് ചത്തുപൊങ്ങിയതെന്ന് മത്സ്യക്കർഷകൻ ചേരാനെല്ലൂ‌ർ സ്വദേശി ഗ്രേഷ്യസ് പറഞ്ഞു.

കരിമീൻ, പൂളാൻ, പള്ളത്തി, കാളാഞ്ചി അടക്കമുള്ള മത്സ്യങ്ങളും വ്യാപകമായി ചത്തുപൊങ്ങി. രാത്രി എട്ടുമണിയോടെ റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിലെ വെള്ളത്തിന് നിറംമാറ്റം തുടങ്ങിയിരുന്നു.

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. കളക്ടർ വിളിച്ച ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് നിർദ്ദേശം. ഫോർട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിറ്റി, ഫിഷറീസ് വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി അന്വേഷണക്കമ്മിറ്റി രൂപീകരിച്ചു. ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

പ്രദേശം വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിന്റെ ഫലമായാണോ മത്സ്യക്കുരുതി എന്നറിയാൻ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കും. രാസമാലിന്യം കലർന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൺവയൺമെന്റൽ എൻജിനിയറോട് കളക്ടർ നിർദ്ദേശിച്ചു.

സംഭവ സ്ഥലത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച മീനിന്റെയും ജലത്തിന്റെയും സാമ്പിൾ പരിശോധനയ്ക്കായി കുഫോസ് സെൻട്രൽ ലാബിന് നൽകി. ഒരാഴ്ചക്കുള്ളിൽ ഫലം ലഭിക്കും.

മത്സ്യസമ്പത്തിന്റെ നാശനഷ്ടം ഫിഷറീസ് ഡയറക്ടർക്ക് മൂന്നുദിവസത്തിനകം സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദ്ദേശം നൽകി.

നടപടി എടുക്കണം: എം.പി

പെരിയാറിലെ മത്സ്യക്കുരുതിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. കമ്പനികളിൽ നിന്ന് രാസമാലിന്യങ്ങൾ പുഴയിലേക്കൊഴുക്കിയെന്ന് സംശയമുണ്ട്. സി.എം.എഫ്.ആർ.ഐ പോലുള്ള വിദദ്ധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും എം.പി പറഞ്ഞു.