* സ്‌ക്വയർഫീറ്റ് വാടക ₹32 മാത്രം
കൊച്ചി: മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തിന്റെ പവലിയനിലെ കടമുറികളുടെ വാടകയിനത്തിൽ കോളേജിന് പിരിഞ്ഞുകിട്ടാനുള്ളത് കോടിയിലേറെ രൂപ. 2022ലെ കണക്കനുസരിച്ച് ആകെയുള്ള 14കടമുറികളിൽ 13എണ്ണവും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഈ കടമുറികളിൽനിന്ന് പിരിഞ്ഞുകിട്ടാനുള്ളത് ഒന്നേകാൽ കോടിയിലേറെ രൂപയായിരുന്നു. ഇതിൽ എത്രരൂപ കിട്ടിയെന്ന് കോളേജ് അധികൃതരുടെ പക്കൽ കൃത്യമായ കണക്കുകളില്ല.
ഈ വർഷത്തെ കണക്കനുസരിച്ചും 13കടമുറികളും വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന കടമുറി വാടകയ്ക്ക് നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 8,000 മുതൽ 15 ലക്ഷത്തിനടുത്തുവരെയാണ് ഓരോ കടമുറികളിലെയും വാടകകുടിശിക.
കോളേജ് വികസന പ്രവർത്തനങ്ങൾക്കും താത്കാലിക ജീവനക്കാരുടെ വേതനത്തിനുമായാണ് ഈ കടമുറികളുടെ വാടക ഉപയോഗിക്കുന്നത്. അങ്ങനെയുള്ളപ്പോഴും സർവകലാശാല കലോത്സവങ്ങൾക്കുപോലും കൂപ്പൺ അടിച്ച് വിതരണംചെയ്ത് പങ്കെടുക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. ഹൈക്കോടതി വിധിപ്രകാരം വാടകകുടിശിക തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറെ അറിയിച്ചിട്ടുണ്ടെന്നാണ് കോളേജ് അധികാരികളുടെ വിശദീകരണം.
പ്രിൻസിപ്പലിന്റെ പേരിലുള്ള ജനറൽ പി.ഡി അക്കൗണ്ടിലേക്കാണ് കടമുറികളുടെ വാടക അടയ്‌ക്കേണ്ടത്. എന്നാൽ ഈയിനത്തിൽ എത്രരൂപ നീക്കിയിരിപ്പുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ല. വാടകയിനത്തിൽ ലഭിക്കുന്ന തുകയ്ക്കുപുറമേ കോളേജ് വികസനപ്രവർത്തനഫണ്ടും സംയോജിപ്പിച്ചാണ് അക്കൗണ്ടിൽ അടയ്ക്കുന്നതെന്നാണ് കോളേജ് അധികാരികളുടെ മറുപടി.
വ്യക്തതയില്ല ഒന്നിനും
കടമുറികളുടെ വാടകകുടിശിക സംബന്ധിച്ച് 2022ൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ 2018, 2020 വർഷങ്ങളിൽ വാടക പുതുക്കിനിശ്ചയിച്ചെന്നാണ്. എന്നാൽ ഈ മാസത്തെ വിവരാവകാശ മറുപടിയിൽ 2017ലും 2021ലും വാടക പുതുക്കിനിശ്ചയിച്ചെന്നാണ്. ഇതിൽ ഏതാണ് കൃത്യമെന്നോ വർഷാവർഷം വാടകപുതുക്കുമോ എന്നൊന്നും അധികാരികൾക്കും നിശ്ചയമില്ല.
വാടക തുച്ഛം
സ്‌റ്റേഡിയത്തിന് ചുറ്റോടുചുറ്റുമുള്ള കടമുറികൾക്ക് സ്‌ക്വയർഫീറ്റിന് 100 മുതൽ 300 വരെ വാടകയുള്ളപ്പോൾ സ്‌റ്റേഡിയത്തിലെ കടമുറികൾക്ക് നിലവിൽ 32.22 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇതിന്റെ മാനദണ്ഡമെന്താണെന്നും അധികൃതർ വ്യക്തമാക്കുന്നില്ല. 2018ൽ 32.20 ആയി വാടക ഉയർത്തിയതിനെതിരെ വാടകക്കാർ റെന്റ് കൺട്രോൾ കോടതിയിൽ സമർപ്പിച്ച കേസിലും തീരുമാനമായിട്ടില്ല. കാക്കനാട് സ്വദേശി രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ആകെ കടമുറികൾ: 14
വാടകയ്ക്ക് നൽകിയിരിക്കുന്നത്: 13
2022ലെ കണക്കിൽ പിരിഞ്ഞുകിട്ടാനുള്ളത്- 1,38,66,739