കൊച്ചി: ശക്തമായ മൺസൂൺ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ അടിയന്തരനടപടിക്ക് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ ജില്ലാ കളക്ടറും കോടതി നിയോഗിച്ച സമിതിയും ഉടൻ ഇടപെട്ട് നടപടിയെടുക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. മുല്ലശേരി കനാലിലടക്കം നടന്നുവരുന്ന പൈപ്പുലൈൻ മാറ്റി സ്ഥാപിക്കൽ ജോലികൾ ലക്ഷ്യംകാണാത്തത് സമീപവാസികളടക്കം നഗരവാസികളെ ബുദ്ധിമുട്ടിക്കാനിടയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ തീർക്കാനായിട്ടില്ല. ജോലികൾ എന്ന് പൂർത്തീകരിക്കാനാവുമെന്നത് സംബന്ധിച്ച് കളക്ടറും സമിതിയും അറിയിക്കണം. നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകണം.
* സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് കായലിലേക്ക് ഡ്രെയിനേജ് കനാൽ നിയമിക്കാനുള്ള പദ്ധതിക്ക് ഇപ്പോഴാണ് ഭരണാനുമതിയായത്. വേഗത്തിൽ വെള്ളം ഒഴുകിപ്പോകാവുന്ന ഈ സംവിധാനം സംബന്ധിച്ച് 2023 തുടക്കംമുതൽ ശുപാർശയുള്ളതാണ്. അനുമതി നൽകാൻ ഇത്ര വൈകിയതെന്തെന്ന് മനസിലാവുന്നില്ല. സൗത്ത്, കെ.എസ്.ആർ.ടി.സി മേഖലയിലെ വെള്ളക്കെട്ടിനടക്കം പരിഹാരം കാണാവുന്ന ഒറ്റമൂലിയാണ് പദ്ധതി. ഇതിന്റെ ജോലികൾ ആരംഭിക്കാൻ എന്ന് അനുമതിയാകുമെന്ന് കളക്ടർ അറിയിക്കണം.

* ഹൈക്കോടതിക്കടുത്ത് നടപ്പാക്കുന്ന വെള്ളക്കെട്ട് ലഘൂകരണപദ്ധതിക്ക് ഭരണാനുമതി ആയെങ്കിലും തുടങ്ങാനായില്ലെന്ന് സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇതിനനുവദിച്ച തുക തിരിച്ചുനൽകുകയോ പുന:ക്രമീകരിക്കുകയോ ചെയ്യേണ്ടിവരുമെന്നും വ്യക്തമാക്കി. എന്നാൽ സമയബന്ധിതമായി തീർക്കേണ്ട സുപ്രധാന പദ്ധതിക്ക് നീക്കിവച്ചതുക ഇതുവരെ മടക്കി നൽകിയിട്ടില്ലെങ്കിൽ തിരിച്ചുനൽകുന്നത് മറ്റൊരു ഉത്തരവുവരെ കോടതി വിലക്കി. എപ്പോൾ അനുമതികൾ ലഭിക്കുമെന്നും പണി എപ്പോൾ തീർക്കാനാവുമെന്നും കളക്ടർ പരിശോധിച്ച് അറിയിക്കാനും നിർദ്ദേശിച്ചു.
* കൊച്ചിയിലെ വെള്ളക്കെട്ട് നിവാരണത്തിനായി കഴിഞ്ഞ മഴക്കാലത്ത് ഉപയോഗിച്ച സക്കർ കം സക്ഷൻ മെഷീൻ അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുകയാണെന്നും ഈ വർഷം ലഭ്യമാകുമോയെന്ന് ഉറപ്പില്ലെന്നും അമിക്കസ്‌ക്യൂറിമാർ അറിയിച്ചു. മൂടി തുറക്കാതെ കാനകളുടെ അടിയിൽനിന്നുവരെ മാലിന്യം വലിച്ചെടുക്കാൻ ശേഷിയുള്ള ഈ ഉപകരണം കൊച്ചിയിലെ കനാലുകൾ വൃത്തിയാക്കാൻ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രവർത്തനമികവ് കഴിഞ്ഞ വർഷം മനസിലായതാണ്. മെഷീൻ ലഭ്യമാക്കാനാവുമോയെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം മറുപടി നൽകാൻ കോർപ്പറേഷന് കോടതി നിർദേശം നൽകി.
* കഴിഞ്ഞവർഷത്തേതുപോലെ റെയിൽവേ കൽവെർട്ടുകൾ മികച്ച രീതിയിൽ വൃത്തിയാക്കാനുള്ള നടപടികൾ സംബന്ധിച്ച് കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ കളക്ടറും സമിതിയുമായി കുടിയാലോചിച്ച് നടപടി സ്വീകരിക്കണം.

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം വീണ്ടും 24ന് പരിഗണിക്കും.