അങ്കമാലി: ടെൽക്കിന്റെ പരാധീനതകളും പ്രശ്നങ്ങളും പരിഹരിച്ച് പുത്തനുണർവേകാൻ ഒരുങ്ങുകയാണ് വ്യവസായവകുപ്പ്. അസംസ്കത വസ്തുക്കളുടെ വിലവർദ്ധനയും ജീവനക്കാരുടെ അഭാവവുമുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഉടൻ പോംവഴിയുണ്ടാകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു
ടെൽക്കിൻ്റെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ടെൽക്കിലെത്തിയ മന്ത്രി വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു. സർക്കാർ ടെൽക്കിന് 40 കോടി ബാങ്ക് ഗ്യാരണ്ടി നൽകിയിട്ടുണ്ട്. മികച്ച രീതിയിലുള്ള ഓർഡർ ടെൽകിന് ലഭിച്ചിട്ടുണ്ട്.
8000 എം.വി. എ യുടെ ഓർഡർ ഇപ്പോഴുണ്ട്. ഈ ഓർഡർ പൂർത്തീകരിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ ടെൽക്കിൻ്റെ പക്കൽ പണമില്ല. അത് പരിഹരിക്കാനാണ് സർക്കാർ ബാങ്ക് ഗ്യാരണ്ടി നൽകിയിരിക്കുന്നത്. 350 കോടിയുടെ ടേൺ ഓവറാണ് അടുത്ത വർഷം പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം രണ്ട് കോടി 20 ലക്ഷം രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട്. അടുത്ത വർഷം അഞ്ച് കോടിയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്.
പുരാതനമായ ഡിസൈനാണ് ടെൽക്കിൻ്റെത്. ഇത് തത്കാലം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ടെൽക്ക് ചെയർമാൻ പി.സി.ജോസഫ്, മാനേജിംഗ് ഡയറക്ടർ നീരജ് മിത്തൽ , ബോർഡ് മെമ്പർ അഡ്വ. കെ.കെ.ഷിബു, സി.ഇ.ഒ. ആനന്ദകുമാർ, എക്സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ കെ. തുടങ്ങിയവരും പങ്കെടുത്തു.
.................................
ടെൽക്കിൽ നിലവിലുള്ള ഒഴിവുകൾ റിക്രൂട്ടുമെൻ്റ് ബോർഡ് വഴി നികത്തും. അതോടെ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ടുപോകും.
മന്ത്രി പി.രാജീവ്
അസംസ്കൃത വസ്തുക്കളുടെ വില വർദ്ധന വില്ലൻ
ടെൽക്കിന് നേരത്തെ ലഭിച്ച ഓർഡറുകൾ പൂർത്തീകരിക്കാൻ ടെൽക്കിന് സാധിച്ചില്ല. പ്രധാനകാരണം അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനയാണ്. മുൻ ഓർഡറുകൾ പൂർത്തീകരിച്ചാൽ നഷ്ടം സഹിക്കേണ്ടി വരും. അതുകൊണ്ട് മുൻ ഓർഡറുകൾ ക്യാൻസൽ ചെയ്യേണ്ടി വരികയാണ്.
350
അടുത്ത വർഷം പ്രതീക്ഷിക്കുന്ന
ടേൺ ഓവർ 350 കോടി
2.2
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 2.2 കോടി
5
അടുത്ത വർഷം പ്രതീക്ഷിക്കുന്നത് അഞ്ച് കോടിയുടെ ലാഭം