തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിന് തീപിടിച്ച് ടൗണിൽ ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. ഇന്നലെ വൈകിട്ട് 6.45 ഓടെ എസ്.എൻ. ജംഗ്ഷനിൽ നിന്ന് എരൂർക്കുള്ള റോഡിന്റെ സമീപത്തെ പോസ്റ്റിനാണ് തീപിടിച്ചത്. തിരക്കേറിയ സമയത്തെ തീപിടിത്തം ജനങ്ങളെ പരിഭ്രാന്തരാക്കി. കത്തിയ പോസ്റ്റിൽനിന്ന് വൈദ്യുതകമ്പി വേർപെട്ട് റോഡിലേയ്ക്ക് വീണെങ്കിലും ഉടനെ ഫീഡർ ട്രിപ്പായി വൈദ്യുതിനിലച്ചതിനാൽ ദുരന്തമൊഴിവായി. സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ ഫീഡർ ഓഫ് ചെയ്തു. പിന്നീട് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു.