yf
പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സ്ഥലം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

കൊച്ചി: പെരിയാറിലേക്ക് വിവിധ കമ്പനികളിൽ നിന്ന് രാസമാലിന്യമൊഴുക്കിയതിനെ തുടർന്ന് മീനുകൾ ചത്തുപൊങ്ങിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന ജലത്തിൽ രാസമാലിന്യം കലരുന്നു എന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഉദ്യോസ്ഥ തല അന്വേഷണങ്ങൾ പ്രഹസനമാണെന്നും അരുൺ പറഞ്ഞു.

ഇതിനു മുൻപും ഇത്തരം സാഹചര്യങ്ങളുണ്ടായപ്പോൾ പ്രഖ്യാപിക്കപ്പെട്ട അന്വേഷണങ്ങൾ ജലരേഖയായി. വിവിധ കമ്പനികൾ നിയമ വിരുദ്ധമായി ഭൂമിക്കടിയിലൂടെ കുഴലുകൾ സ്ഥാപിച്ച് രാസമാലിന്യം പുഴയിലേക്ക് ഒഴുക്കുകയാണ്. മുൻകാല അന്വേഷണങ്ങൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, ഏലൂർ നഗരസഭാ മുൻ ചെയർപേഴ്‌സൺ സിജി ബാബു തുടങ്ങിയവർക്കൊപ്പം സംഭവ സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.