പറവൂർ: പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയാൻ നിർമ്മിച്ച ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് പൊട്ടിച്ചു. മഴക്കാലം എത്തിയതിനാൽ ഇനി ഓരുവെള്ളത്തിന്റെ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിലാണ് ഇന്നലെ പുലർച്ചെ മേജർ ഇറിഗേഷൻ അസി. എൻജിനീയർ നവാസ് യൂസഫ്, ഓവർസിയർ നിജാസ് എന്നിവരുടെ നേതൃത്വത്തിൽ ബണ്ട് പൊട്ടിച്ചത്.
കഴിഞ്ഞ നവംബർ അവസാനവാരമാണ് ബണ്ട് നിർമ്മാണം ആരംഭിച്ചത്. പതിവിലും വൈകി ജനുവരി ആദ്യവാരം ബണ്ട് നിർമ്മാണം പൂർത്തിയായി. ഫെബ്രുവരിയിൽ ചാലക്കുടിയാറിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ബണ്ടിന്റെ മദ്ധ്യഭാഗം പൊട്ടി. വീണ്ടും മണ്ണിട്ട് ബണ്ട് ഉറപ്പിച്ചു. കണക്കൻകടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾക്ക് ചോർച്ചയുള്ളതിനാലാണ് എല്ലാവർഷവും താത്കാലിക മണൽബണ്ട് നിർമ്മിക്കുന്നത്.