mazha
കനത്ത മഴയിൽ ആലുവ മാർക്കറ്റ് റോഡിൽ ബാങ്ക് കവലയിൽ ചൊവ്വാഴ്ച്ച രാത്രിയുണ്ടായ വെള്ളക്കെട്ട്

ആലുവ: നഗരസഭയുടെ മേൽനോട്ടമില്ലാതെ പൊതുമരാമത്ത് വകുപ്പും കൊച്ചി മെട്രോയും നടത്തുന്ന അശാസ്ത്രീയമായ നടപ്പാത നിർമ്മാണം ഒറ്റമഴയിൽ ആലുവ നഗരത്തെ വെള്ളക്കെട്ടിലാക്കി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ പ്രതിഷേധം ശക്തമായി.

ചൊവ്വാഴ്ച വൈകിട്ട് ഒരുമണിക്കൂറോളം പെയ്ത മഴയിൽ ആലുവ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി പരിസരം, ബാങ്ക് കവല - മാർക്കറ്റ് റോഡ്, സിവിൽ സ്റ്റേഷൻ റോഡ്, കുന്നുംപുറം റോഡ്, അൻവർ ആശുപത്രി റോഡ്, ശ്രീകൃഷ്ണക്ഷേത്രം റോഡ്, മാർക്കറ്റ് മേൽപ്പാലം അണ്ടർപാസേജ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. മാർക്കറ്റ് റോഡിലും ബൈപ്പാസ് ഭാഗത്തും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി. ബൈപ്പാസ് ഭാഗത്തെ മുക്കത്ത് സാജിത ഷെരീഫിന്റെ വീട്ടിലും വെള്ളം കയറി. ഇന്നലെ വൈകിട്ടും മഴ തുടരുകയാണ്.

* നവീകരിക്കുന്നത് കൊച്ചി മെട്രോയും പി.ഡബ്ല്യു.ഡിയും

കൊച്ചി മെട്രോയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ബൈപ്പാസ്, പാലസ് റോഡ്, സിവിൽ സ്റ്റേഷൻ റോഡ്, തൈനോത്ത് റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ കൊച്ചിമെട്രോയും റെയിൽവേ സ്റ്റേഷൻ റോഡ്, സബ് ജയിൽ റോഡ് എന്നിവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പുമാണ് നടപ്പാതകൾ നവീകരിക്കുന്നത്.

* പരാതിയുമായി വ്യാപാരികൾ

കാനകൾ ശരിയായി നവീകരിക്കാതെയാണ് കാനകൾക്ക് മുകളിൽ ഗ്രാനൈറ്റുകൾ വിരിച്ച് നവീകരിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി. കക്കൂസ് മാലിന്യം ഉൾപ്പെടെ ഇതേകാനയിലേക്ക് തള്ളുന്നുണ്ടെന്ന് പരാതിയുണ്ട്. കാനയുടെ നവീകരണം നടക്കുമ്പോഴെങ്കിലും ഇത്തരത്തിലുള്ള പൈപ്പുകൾ നീക്കംചെയ്യുമെന്ന് കരുതിയെങ്കിലും നടപടിയുണ്ടായില്ല.

പൊതുകാന നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. നടപ്പാത നവീകരിച്ച ഭാഗത്തെല്ലാം മഴവെള്ളം പോകുന്നതിനായി കാനയിലേക്ക് ചെറിയ ദ്വാരം ഇട്ടിട്ടുണ്ടെങ്കിലും അതും പലയിടത്തും മാലിന്യം തങ്ങി അടഞ്ഞിരിക്കുകയാണ്.

എൽ.ഡി.എഫ് 'ശ്രദ്ധക്ഷണിക്കൽ പ്രതിഷേധധർണ' ഇന്ന്

സൗന്ദര്യവത്കരണത്തിന്റെ പേരിൽ നഗരത്തിൽ നടപ്പിലാക്കിയ അശാസ്ത്രീയ നിർമ്മാണത്തെ തുടർന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ആലുവ മുനിസിപ്പൽ കമ്മിറ്റി ഇന്ന് രാവിലെ 10ന് ബാങ്ക് കവലയിൽ 'ശ്രദ്ധക്ഷണിക്കൽ പ്രതിഷേധ ധർണ' സംഘടിപ്പിക്കുമെന്ന് കൺവീനർ രാജീവ് സക്കറിയ അറിയിച്ചു.

ഒറ്റമഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പെയ്തുവെള്ളം കയറിതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ വ്യാപാരികളും പൊതുജനങ്ങളും പലവട്ടം ബന്ധപ്പെട്ടവരെ ധരിപ്പിച്ചെങ്കിലും നടപടിയുണ്ടാകാതിരുന്നതാണ് ദുരിതത്തിന് വഴിവച്ചതെന്നും എൽ.ഡി.എഫ് ആരോപിച്ചു.