കോലഞ്ചേരി: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വാർഡുകളുടെ പുനർവിഭജനം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ പുതിയ പഞ്ചായത്തിന്റെ പിറവിക്കായി കാതോർക്കുകയാണ് പട്ടിമറ്റത്തുകാർ. വിസ്തൃതിയേറിയ കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകൾ വിഭജിച്ച് പട്ടിമറ്റം ആസ്ഥാനമായി പഞ്ചായത്തുണ്ടാക്കാനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
പട്ടിമറ്റം മേഖലയിൽനിന്ന് കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലെത്താൻ നിലവിൽ ഏഴുകിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം. പട്ടിമറ്റത്ത് നീലിമലയിൽ സർക്കാർ പുറമ്പോക്കായി ഏക്കറുകണക്കിന് സ്ഥലവുമുണ്ട്. വില്ലേജ്, കൃഷി, ഫയർഫോഴ്‌സ്, സർക്കാർ ആശുപത്രി, റെസ്റ്റ് ഹൗസ് എന്നിവ നീലിമലയിലാണ്. അഞ്ചുവർഷംമുമ്പ് പട്ടിമറ്റത്ത് പഞ്ചായത്ത് രൂപീകരിക്കാൻ ഏകദേശ ധാരണയായതാണ്. എന്നാൽ രൂപീകരണത്തെ എതിർത്ത് സ്വകാര്യ കമ്പനി ഹൈക്കോടതിയിൽ ഹർജി നല്കിയതോടെ രൂപീകരണ നീക്കങ്ങൾ നീണ്ടുപോയി. പട്ടിമറ്റം കേന്ദ്രമാക്കി പഞ്ചായത്ത് വേണമെന്നും പഞ്ചായത്തുവന്നാൽ പട്ടിമറ്റം എന്ന പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് നല്കിയ ഹർജി സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടാണ് കോടതി തീർപ്പാക്കിയത്.
നിലവിൽ പട്ടിമറ്റം പഞ്ചായത്തിലേയ്ക്ക് ചേർക്കാനുദ്ദേശിക്കുന്ന വാർഡുകളിൽ 1200 ലധികം വോട്ടർമാരുമുണ്ട്. പഞ്ചായത്ത് വാർഡ് പുനർവിഭജനത്തിനായി ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പിനുമുമ്പ് ജനസംഖ്യാടിസ്ഥാനത്തിൽ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന കമ്മീഷൻ ശുപാർശയും നിലവിലുണ്ട്. ശുപാർശകൾ ധനകാര്യവകുപ്പ് അംഗീകരിച്ചാൽ നിർദ്ദിഷ്ട പഞ്ചായത്ത് വൈകാതെ യാഥാർത്ഥ്യമാകും. നിലവിൽ കുന്നത്തുനാട് പഞ്ചായത്തിൽ 18 വാർഡും കിഴക്കമ്പലത്ത് 19 വാർഡുമാണുള്ളത്.
പുതിയ പഞ്ചായത്തിലേക്ക് മാറ്റണമെന്ന് ശുപാർശചെയ്ത വാർഡുകൾ:
കിഴക്കമ്പലം: കിഴക്കെ കുമ്മനോട്, ചൂരക്കോട്, ചേലക്കുളം, കാവുങ്ങൽപറമ്പ്
കുന്നത്തുനാട്: പുന്നോർക്കോട്, കൈതക്കാട്, പട്ടിമറ്റം 1, 2 വാർഡുകൾ, ചെങ്ങര സൗത്ത്, നോർത്ത്