കൊച്ചി: നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള വിതരണം കേരള അർബൻ വാട്ടർ സർവീസ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി എ.ഡി.ബി സഹായത്തോടെ സ്വകാര്യ കമ്പനിയെ ഏല്പിക്കാനുള്ള ജല അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ഇടതു സംഘടനകൾ.

കുടിവെള്ള വിതരണം സ്വകാര്യവത്കരിച്ചാൽ ഭീമമായ യൂസർ ഫീ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുമെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. നഗരത്തിലെ ശുദ്ധജല വിതരണം സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി സ്വകാര്യവത്കരിക്കാൻ മുമ്പും നീക്കമുണ്ടായിരുന്നു. അന്ന് ശക്തമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിന്മാറുകയായിരുന്നു.

സോയൂസ് എന്ന ബഹുരാഷ്ട്ര ജലഭീമന് ജലവിതരണം എ.ഡി.ബി വായ്പയുടെ മറവിൽ കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി), വർക്കേഴ്‌സ് കോ ഓർഡിനേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്നലെ എറണാകുളത്തെ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസിന് മുന്നിൽ ജനകീയ സദസ് സംഘടിപ്പിച്ചു. ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത എ.ഐ.ടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.

കൊച്ചി പദ്ധതിയുടെ കാര്യങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയറുമായി ചർച്ച ചെയ്യാനെത്തിയ എത്തിയ സോയൂസ് കമ്പനി അധികൃതരെ കഴിഞ്ഞ ദിവസം ഇടത് യൂണിയനുകൾ തടഞ്ഞിരുന്നു. ഇതോടെ ചർച്ച നടത്താനായില്ല​.

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു), അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ്, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ (എ.ഐ.ടി.യു.സി.), ഓൾ കേരള വാട്ടർ എംപ്ലോയീസ് യൂണിയൻ തുടങ്ങിയ ഇടത് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

2511 കോടിയുടെ എ.ഡി.ബി പദ്ധതി

കൊച്ചിയിലും തിരുവനന്തപുരത്തുമായി നടപ്പാക്കുന്ന 2511 കോടിയുടെ എ.ഡി.ബി സഹായ പദ്ധതിയിൽ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിയെ ഏല്പിക്കാനാണ് നീക്കം. ജല അതോറിറ്റി ജീവനക്കാരും ഉദ്യോഗസ്ഥ സംവിധാനവും നോക്കുകുത്തിയാകുമെന്നാണ് ഇടതു സംഘടനകളുടെ ആരോപണം.

1252 കോടിയുടെ കൊച്ചിയിലെ പദ്ധതിക്കായി ജല അതോറിറ്റി ടെൻഡർ ക്ഷണിക്കാൻ തീരുമാനി​ച്ചി​ട്ടുണ്ട്.

• 1.46 ലക്ഷം കണക്ഷനുകൾ

കൊച്ചി നഗരത്തിലെ നിലവിലെ പഴകിയ പൈപ്പ് ലൈനുകൾ പൈപ്പ് ലൈനുകൾ എല്ലാം മാറ്റി പുതിയവ സ്ഥാപിക്കാനും 1.46 ലക്ഷം വാട്ടർ കണക്ഷനുകൾ പുതിയ മീറ്റർ വെച്ച് പുനഃസ്ഥാപിക്കാനുമാണ് എ.ഡി.ബി. പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കമേഴ്‌സ്യൽ കണക്ഷനുകൾക്കടക്കം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്


കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുത്തു തോല്പിക്കും. പദ്ധതിയ്ക്കെതിരെ യുവജന പ്രക്ഷോഭത്തിന് നേതൃത്വം നൽകും
കെ.ആർ റെനീഷ്
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി