nh-site-inspection-
ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

പറവൂർ: ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിൽ വരാപ്പുഴ, കോട്ടുവള്ളി മേഖലയിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ പ്രതിപക്ഷനേതാവിന്റെ പേഴ്സണൽ അസിസ്റ്റന്റ്, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരും സംയുക്ത പരിശോധനയിൽ ഉണ്ടായിരുന്നു.

തീരുമാനങ്ങൾ

1 വരാപ്പുഴ പാലത്തിന്റെ ഇരുവശവുമുള്ള കാനയിലേക്ക് വെള്ളമൊഴുകിപ്പോകുന്നില്ലന്ന് കണ്ടെത്തി. ഇതു പരിഹരിക്കാൻ എസ്.എൻ.ഡി.പി കവല മുതൽ പുതിയതായി നിർമ്മിച്ച കാനക്ക് സമാന്തരമായി പുതിയകാന നിർമ്മിക്കും.

2 ദേശീയപാത ക്രോസ് ചെയ്ത് മൂടിയ പൈപ്പുകൾ തുറന്ന് വൃത്തിയാക്കും. അടിപ്പാതകളിൽ ചെളിനിറഞ്ഞതിനാൽ വാഹനങ്ങൾ ഓടിക്കാൻ സാധിക്കുന്നില്ല. ഇവിടെ അടിയന്തരമായി ടാറിംഗ് നടത്തും.

3 ചെറിയപ്പിള്ളി കലുങ്കിന് പടിഞ്ഞാറുവശം താമസിക്കുന്നവർക്ക് വീടുകളിലേക്ക് പ്രവേശിക്കുവാൻ റാമ്പ് നിർമ്മിക്കും. ചെറിയപ്പിള്ളി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് ഉയരക്കുറവുണ്ടെന്ന പരാതി പരിശോധിക്കും.

* റിപ്പോർട്ട് കളക്ടർക്ക് നൽകും

രണ്ട് ദിവസത്തെ പരിശോധന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചുകഴിഞ്ഞാൽ അടിയന്തിരമായി ഇക്കാര്യത്തിൽ തീരുമാനമെടുത്താലേ നി‌ർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുകയുള്ളുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.

* അണ്ടർപാസ് വേണം

എസ്.എൻ.ഡി.പി കവല, കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചർച്ച്, ചെമ്മായം റോഡ്, കൊച്ചാൽ കവല എന്നിവിടങ്ങളിൽ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാവുന്ന തരത്തിലുള്ള അണ്ടർപാസ് വേണമെന്ന് ജനപ്രതിനിധികളും പൊതുജനങ്ങളും ഡെപ്യൂട്ടി കളക്ടറോട് ആവശ്യപ്പെട്ടു.