ഫോർട്ട്കൊച്ചി: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിലായ ബോട്ടിലെ 13 തൊഴിലാളികളെ തീരരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ചാവക്കാടിന് പടിഞ്ഞാറ് ഗുരുവായൂരപ്പൻ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൻജിൻ റൂമിൽ വെള്ളം കയറി ബോട്ട് മുങ്ങുകയാണെന്ന സന്ദേശത്തെ തുടർന്ന് സേനയുടെ അഭിനവ് എന്ന കപ്പലെത്തി അടിയന്തര അറ്റകുറ്റപ്പണി നടത്തി ബോട്ടും തൊഴിലാളികളെയും ചൊവ്വാഴ്ച രാത്രി മുനമ്പം ഹാർബറിലെത്തിച്ചു. തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഹള്ളിൽ ഉണ്ടായ ദ്വാരത്തിലൂടെയാണ് ബോട്ടിൽ വെള്ളം കയറിയത്. തീരരക്ഷാ സേന പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ് ദ്വാരമടച്ചു. കനത്തമഴയെയും കാറ്റിനെയും അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം.