1
പെരുമ്പടപ്പിൽ നികത്തുന്ന കണ്ടൽക്കാട്

പള്ളുരുത്തി: പെരുമ്പടപ്പിൽ കണ്ടൽക്കാടുകൾ വെട്ടിമാറ്റി മൂന്ന് ഏക്കറോളം വരുന്ന തണ്ണീർത്തടം അനധികൃതമായി നികത്തുന്നു. പെരുമ്പടപ്പ് കർട്ടസ് റോഡിന് സമീപമാണ് ഏതാനും ദിവസങ്ങളായി തണ്ണീർത്തടം നികത്തൽ നടക്കുന്നത്. അനധികൃതമായ നികത്തൽ നാട്ടുകാർ റവന്യൂ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. പ്രതിഷേധം ശക്തമായപ്പോൾ നിലം നികത്തുന്നതിന് കളക്ടർ നൽകിയ അനുമതിപത്രം ഭൂവുടമ കാണിച്ചുവെങ്കിലും ഇത് വ്യാജമെന്നാണ് നാട്ടുകാർ പറയുന്നത്. റവന്യൂ അധികൃതർ ഇതിനു കൃത്യമായ വിശദീകരണം നൽകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഡാറ്റാ ബാങ്കിലുൾപ്പെട്ട തണ്ണീർത്തടമായതിനാൽ തരം മാറ്റുന്നതിന് റവന്യു വകുപ്പ് നേരത്തെ അനുമതി നിഷേധിച്ച പ്രദേശമാണിത്. മൂന്ന് ഏക്കറോളം വരുന്ന തണ്ണീർതടത്തിന്റെ പകുതിയിലേറെ നിലവിൽ നികത്തിയിട്ടുണ്ട്. കച്ചേരിപ്പടി വില്ലേജ് ഓഫീസിന്റെ പരിധിയിൽപ്പെടുന്ന സ്ഥലമാണിത്. അനധികൃത നികത്തലിനെതിരെ പൊതുപ്രവർത്തകൻ വി.ഡി. മജീന്ദ്രൻ റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി.