മൂവാറ്റുപുഴ: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ പത്താംവാർഡിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. നിരവധിപേരെ ആക്രമിക്കാനും ശ്രമിച്ചു. ഭീതി വിതച്ച നായയെ പഞ്ചായത്ത് അധികാരികൾ പിടികൂടി കൂട്ടിലടച്ചു.
നാളുകളായി ഭിതിവിതച്ച തെരുവുനായയെ പിടികൂടണമെന്ന പ്രദേശവാസികളുടെ ആവശ്യം നടപ്പാക്കാൻ വൈകിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സ്ഥലം സന്ദർശിക്കുകയും അടുത്തദിവസംതന്നെ നായയെ പിടികൂടുമെന്ന് പ്രസിഡന്റ് സുജിത്ത് ബേബി ജനങ്ങൾക്ക് ഉറപ്പും നൽകിയിരുന്നു. ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പർമാരായ എ.കെ. ജിബി, അനിൽ കെ. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സേവ് ദി ആനിമൽസ് ഇടുക്കി ടീം അംഗങ്ങളായ കീർത്തിദാസ്, മഞ്ജു ഓമന എന്നിവരടങ്ങുന്ന സംഘമാണ് അക്രമകാരിയായ നായയെ കീഴ്പ്പെടുത്തിയത് . തുടർന്ന് നിരീക്ഷണാർത്ഥം നായയേയും നാലു കുഞ്ഞുങ്ങളെയും കല്ലൂർക്കാട് മൃഗാശുപത്രിയിൽ എത്തിച്ച് കൂട്ടിലടച്ചു.