കോലഞ്ചേരി: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ വേനൽമഴയിൽ കുന്നത്തുനാട്, ഐക്കരനാട്, പുത്തൻകുരിശ് പഞ്ചായത്തുകളിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. കോലഞ്ചേരി, പുത്തൻകുരിശ് ടൗണുകളിലുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു.

കരിമുഗൾ റോഡിൽനിന്ന് ഒഴുകിയെത്തിയ വെള്ളം പുത്തൻകുരിശ് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് ഇരച്ചുകയറി വ്യാപകമായ നാശനഷ്ടമുണ്ടായി. ടൗണിലെ എട്ട് കടകളിൽ പൂർണമായും വെള്ളംകയറി. കാവുംതാഴം ഭാഗത്തുണ്ടായ വെള്ളക്കെട്ടിലും കടകൾക്കുള്ളിൽ വെള്ളംകയറിയിട്ടുണ്ട്. പുറ്റുമാനൂർ ഭാഗങ്ങളിലുണ്ടായ കാറ്റിൽ മരങ്ങൾ കടപുഴകി വീണത് ഇൻഫോപാർക്ക് റോഡിൽ ഗതാഗത തടസമുണ്ടാക്കി. പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.