y
തൃപ്പൂണിത്തുറ പള്ളിപ്പറമ്പ്കാവിലെ റോഡിലെ വെള്ളക്കെട്ട്

തൃപ്പൂണിത്തുറ: ഇന്നലെ വൈകിട്ട് മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ തൃപ്പൂണിത്തുറ നഗരം മുങ്ങി. തൃപ്പൂണിത്തുറയിൽ മുൻകാലങ്ങളിൽ സ്ഥിരം വെള്ളക്കെട്ട് അനുഭവപ്പെടുന്ന റോഡുകളെ കൂടാതെ ഒറ്റ മഴയിൽ തന്നെ പുതിയ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡിൽ പലയിടത്തും മുട്ടിനുമേൽ പൊങ്ങിയ വെള്ളത്തിൽ നിരവധി ഇരുചക്ര വാഹനങ്ങളും നിലച്ചു പോയി.

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിനു മുന്നിലെ റോഡിൽ മിക്ക കടകളുടെയും അകത്ത് വെള്ളം കയറി. മേഖലയിൽ കനത്ത ഗതാഗതക്കുരുക്കുണ്ടാക്കി. പള്ളിപ്പറമ്പ്കാവ് - കോൺവെന്റ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. സമീപത്തെ വീടുകളിലും വെള്ളം കയറി. തൃപ്പൂണിത്തുറ എം.കെ.കെ നായർ നഗർ മുഴുവൻ കനത്ത വെള്ളകെട്ടിലായി. പല വീട്ടുകാരും ഒന്നാം നിലയിലേക്ക് വീട്ടുപകരണങ്ങൾ മാറ്റി. കാനകളിലേയ്ക്ക് വെള്ളം സുഗമമായി ഒഴുകാത്തതിനാൽ അലയൻസ് ജംഗ്ഷനടുത്തുള്ള റോഡുകളിൽ ഉൾപ്പെടെ വെള്ളമുയർന്നു. തെക്കുംഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലും എരൂരിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. സീപോർട്ട് എയർപോർട്ട് റോഡിൽ പുതിയ റോഡിലും കരിങ്ങാച്ചിറയിലും വെള്ളം പൊങ്ങി. ഉദയംപേരൂരിൽ താഴ്ന്ന പ്രദേശങ്ങളിലെ പറമ്പുകളിൽ വെള്ളം കെട്ടി.

പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മഴക്കാല പൂർവശുചീകരണം കൂനിൻമേൽ കുരുവായി. കാനകളിൽ നിന്നും കോരിയെടുത്ത് റോഡരികിൽ വച്ചിരുന്ന മണ്ണും മാലിന്യങ്ങളും കാനയിലേയ്ക്ക് തന്നെ വീണതോടെ പ്രദേശത്ത് വെള്ളം പൊങ്ങുകയായിരുന്നു.