₹ 2കോടിരൂപ
* രണ്ട് കോടി രൂപ മുടക്കിയാണ് പാലത്തിന്റെ ഇരുവശത്തുമായി 100മീറ്റർവീതം നീളത്തിലും എട്ടുമീറ്റർ വീതിയിലും അപ്രോച്ച് റോഡ് നിർമ്മിക്കുക.
* ആലുങ്കൽകടവ് പാലം തുറന്നാൽ അങ്കമാലി ആലുവ ഭാഗത്തേക്ക് പോകുന്നവർക്ക് മൂന്ന് കിലോമീറ്റർ ലാഭിക്കാം
* ഗതാഗതക്കുരുക്കുകളിൽപ്പെടാതെ അത്താണിയിലുമെത്താം.
നെടുമ്പാശേരി: ഏഴുവർഷംമുമ്പ് നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ ഉപയോഗശൂന്യമായിക്കിടന്ന നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ ആലുങ്കൽകടവ് പാലം ഡിസംബറിൽ തുറക്കാൻ ധാരണയായി.
മാസങ്ങൾക്കുമുമ്പ് അപ്രോച്ച് റോഡിനായി ഫണ്ട് അനുവദിച്ചതിനെത്തുടർന്ന് സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ച് നിർമ്മാണം തുടങ്ങിയെങ്കിലും ഒരുസെന്റ് ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. ഇതുസംബന്ധിച്ച നടപടികൾക്കായി പാലം വിഭാഗം എക്‌സി. എൻജിനിയർ കഴിഞ്ഞദിവസം കളക്ടർക്ക് കത്തുനൽകി. ഇലക്ട്രിക് പോസ്റ്റും ട്രാൻസ്‌ഫോർമറും മാറ്റി സ്ഥാപിക്കാൻ അൻവർ സാദത്ത് എം.എൽ.എ വിളിച്ചുചേർത്ത പി.ഡബ്ല്യു.ഡി പാലംവിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണയായി. നവംബർ അവസാനം അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ഡിസംബർ ആദ്യവാരം പാലം ഉദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
അപ്രോച്ച് റോഡ് നിർമ്മാണസ്ഥലം അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, മെമ്പർമാരായ കെ.ഐ. വറീത്, സി.ഒ. മാർട്ടിൻ, പി.ഡബ്ല്യു.ഡി പാലം വിഭാഗം എക്‌സി. എൻജിനിയർ സ്വപ്ന, അസി. എക്‌സി. എൻജിനിയർ സജ്‌ന, അസി. എൻജിനിയർ രാജി, കെ.എസ്.ഇ.ബി അസി.എൻജിനിയർ കെ.എ. ലോനപ്പൻ എന്നിവരും ഉണ്ടായിരുന്നു.
* വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 11.22 കോടിരൂപ ചെലവഴിച്ച് 2016ലാണ് പാലം നിർമ്മാണം ആരംഭിച്ചത്
* ഒരു വർഷംകൊണ്ട് പാലം നിർമ്മാണം പൂർത്തിയായി
* അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട ഭൂമി തണ്ണീർത്തടമായതിനാൽ സർക്കാരിൽനിന്ന് അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് കാലതാമസമുണ്ടായി