mahadev
ടെക്‌നോളജി രംഗത്തെ നൂതന പ്രവണതകളെ കുറിച്ച് കമ്പ്യൂട്ടർ എൻജിനിയർമാർക്കായി സംഘടിപ്പിച്ച ശില്പശാലയിൽ സ്റ്റെയ്പ്പ് ചീഫ് ടെക്നോളജി ഓഫീസർ മഹാദേവ് രതീഷ് സംസാരിക്കുന്നു.

കൊച്ചി: സ്‌കൂൾ പഠനത്തോടൊപ്പം ഇഷ്ട ജോലിയെക്കുറിച്ച് പഠിക്കാനും അവസരം ലഭിച്ച മഹാദേവ് രതീഷ് എന്ന പതിനെട്ടുകാരൻ വൻകിട ഐ.ടി കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിൽ. ടാൽറോപിന്റെ സ്റ്റെയ്പ് എന്ന എഡ്യു-ടെക് പ്ലാറ്റ്‌ഫോമിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായാണ് ഏഴുവർഷത്തെ പ്രവൃത്തിപരിചയവുമായി തിരുവനന്തപുരം സ്വദേശി മഹാദേവ് രതീഷ് ചുമതലയേറ്റത്.

സർക്കാർ സ്‌കൂളുകളിലായിരുന്നു മഹാദേവിന്റെ പഠനം. പാങ്ങോട് കെ.വി.യു.പി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തോന്നിയ ടെക്‌നോളജി മേഖലയോടുള്ള താത്പര്യം മഹാദേവിനെ യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ക്ലാസുകളിലെത്തിച്ചു. താത്പര്യം വർദ്ധിച്ചപ്പോൾ ടാൽറോപിനെയും ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്‌ഫോമായ സ്റ്റെയ്പ്പിനെയും സമീപിച്ചു.

ഏഴു വർഷത്തെ കഠിനാധ്വാനത്തിനു ശേഷം സ്റ്റെയ്പ്പിന്റെ തന്നെ ചീഫ് ടെക്‌നോളജി ഓഫീസർ പദവിയിലേക്ക് എത്തിയത് യാദൃശ്ചികം.

വൻകിട ഐ.ടി കമ്പനികൾക്കായി പ്രാവീണ്യവുമുള്ള മാനുഷിക വിഭവ ശേഷി ഒരുക്കിയെടുക്കുന്ന സ്ഥാപനമായ ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്‌ഫോമാണ് സ്റ്റെയ്പ്.

അഭിരുചി തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറാൻ കഴിഞ്ഞു എന്നതാണ് മഹാദേവിന്റെ വിജയത്തിന് കാരണമായതെന്ന് ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒയുമായ സഫീർ നജുമുദ്ദീൻ പറഞ്ഞു.

സ്‌കൂൾ കാലത്ത് ടെക്‌നോളജി പഠനത്തോടൊപ്പം എന്റർപ്രണർഷിപ്പ്, കമ്യൂണിക്കേഷൻ തുടങ്ങിയവയിലും മഹാദേവിന് പരിശീലനം ലഭിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിൽ മഹാദേവും സുഹൃത്തുക്കളും ചേർന്ന് ഗ്രോലിയസ് എന്ന പേരിൽ രൂപം നൽകിയ സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി പ്ലാറ്റ്‌ഫോമിന് വലിയ സ്വീകാര്യതയുണ്ട്.

ഇപ്പോൾ മഹാദേവിന്റെ കീഴിൽ നൂറിലേറെ ബി.ടെക്, എം.ടെക് ബിരുദധാരികളാണ് ജോലി ചെയ്യുന്നത്. ജപ്പാനിൽ വച്ച് എംബസി നേരിട്ട് നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനൊപ്പം എ.ഐ റോബോട്ടിക്‌സ് ഇന്റഗ്രേഷന്റെ അടുത്ത ഘട്ടത്തിലെ സാദ്ധ്യതയെകുറിച്ചുള്ള പഠനത്തിലാണ് മഹാദേവ് രതീഷ്.