കൊച്ചി: ജാതി വിവേചനത്തിനും അനാചാരങ്ങൾക്കുമെതിരെ നേരിട്ടും സാഹിത്യ നാടകാദി കൃതികളിലൂടെയും ശക്തമായി പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് കണ്ടത്തിപ്പറമ്പിൽ പപ്പു 'കർപ്പൻ' എന്ന കവിതിലകൻ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 140ാം ജന്മദിനം ഇന്ന്.
1885 മേയ് 24ന് ചേരാനല്ലൂരിലാണ് ശങ്കരൻ എന്ന് മാതാപിതാക്കൾ പേരുചൊല്ലി വിളിച്ച കറുപ്പൻമാഷ് ജനിച്ചത്. ജാതീയതയ്ക്ക് എതിരെ ശംഖനാദം മുഴക്കിയ 'ജാതിക്കുമ്മി' എന്ന കാവ്യവും 'ബാലാകലേശം' നാടകവുമാണ് പണ്ഡിറ്റ് കറുപ്പന്റെ സാഹിത്യകൃതികളിൽ ശ്രദ്ധേയം. ജാതിവിവേചനം ധിക്കാരമാണെന്നുകൂടി സമർത്ഥിക്കുന്നതായിരുന്നു ജാതിക്കുമ്മിയുടെ ഇതിവൃത്തമെങ്കിൽ അയിത്തോച്ഛാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവുമായിരുന്നു ബാലാകലേശത്തിന്റെ കഥാതന്തു.
എറണാകുളത്ത് സ്കൂൾ അദ്ധ്യാപകനായി സർവീസിൽ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പൻ ഫിഷറീസ് വകുപ്പിൽ ഗുമസ്തൻ, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കൺവീനർ, കൊച്ചി ഭാഷാപരിഷ്‌കരണ കമ്മിറ്റി സെക്രട്ടറി, നാട്ടുഭാഷാ സൂപ്രണ്ട്, മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ പൗരസ്ത്യ ഭാഷാ പരീക്ഷാ ബോർഡ് ചെയർമാൻ, എറണാകുളം മഹാരാജാസ് കോളജിൽ മലയാളം ലക്ചറർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടണ്ട്. ശതാബ്ദിനിറവിലെത്തിയ കഥാപ്രസംഗം എന്ന കലാരൂപത്തിന് നാന്ദികുറിച്ച കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിക്ക് സംഗീതമൊരുക്കിയതും പണ്ഡിറ്റ് കെ.പി. കറുപ്പൻ ആയിരുന്നു. 1924 മേയ് മാസത്തിൽ വടക്കൻ പറവൂരിലെ വടക്കുംപുറം ഗ്രാമത്തിലാണ് ചരിത്രത്തിലെ ആദ്യ കഥാപ്രസംഗം അരങ്ങേറിയത്.
ജന്മദിന സമ്മേളനം ഇന്ന്
അഖിലകേരള ധീവര സഭ പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി ഇന്ന് പണ്ഡിറ്റ് കറുപ്പന്റെ ജന്മദിന സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ഗോശ്രീ റോഡിലെ പണ്ഡിറ്റ് കറുപ്പൻ ജന്മശതാബ്ദി സ്മാരക മന്ദിരത്തിൽ രാവിലെ 10ന് ധീവര സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ. ജി പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തും. പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക സമിതി പ്രസിഡന്റ് പി.എം.സുഗതൻ അദ്ധ്യക്ഷത വഹിക്കും.