ട്രോളിംഗ് നിരോധനം പാക്കേജ് വേണമെന്ന് മത്സ്യത്തൊഴിലാളികൾ

കൊച്ചി: മത്സ്യവറുതിക്ക് പിന്നാലെ ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ കൂടുതൽ ദുരി​തക്കടലിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. സാമ്പത്തിക ആനുകൂല്യം ഉൾപ്പെടെ അയൽ സംസ്ഥാനങ്ങൾ നൽകുന്ന സഹായങ്ങൾ വേണമെന്നാണ് ആവശ്യം.

ജൂൺ ഒമ്പത് മുതൽ ജൂലായ് 31വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സ്വാഗതം ചെയ്യുന്നുണ്ട്.

അഞ്ചുമാസം നേരിട്ട കഠിനമായ വരൾച്ചക്കുശേഷമാണ് നിരോധനം വരുന്നത്. 2023 ലെ വരൾച്ചയുടെ തുടർച്ചയായി ഈവർഷം ഫെബ്രുവരിയിൽ ആരംഭിച്ച വരൾച്ചയും ചൂടുകാറ്റും കള്ളക്കടൽ പ്രതിഭാസവും മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചു. പതിനായിരം കോടി രൂപയുടെ നഷ്‌ടം സംഭവിച്ചെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ കണക്ക്.

ജനുവരി മുതൽ വള്ളങ്ങളെല്ലാംകെട്ടിയിട്ടിരിക്കുകയാണ്. പൊന്തുവള്ളങ്ങൾ മുതൽ ഇൻബോർഡ്‌ വള്ളങ്ങൾ വരെ ഒരു ലക്ഷത്തിലധികം തൊഴിലാളികളുള്ള പരമ്പരാഗത മേഖല കടക്കെണിയിലും ദുരിതത്തിലുമാണെന്ന് സംഘടനകൾ പറഞ്ഞു.

മത്സ്യവരൾച്ച പാക്കേജ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി ഭാരവാഹികൾ പറഞ്ഞു. ട്രോളിംഗ് നിരോധനകാലത്ത് തൊഴിലാളികൾ കൂടതൽ ദുരിതത്തിലാകും. നിരോധനകാലത്ത് സൗജന്യറേഷൻ അനുവദിക്കും. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ സാമ്പത്തിക ആനുകൂല്യവും നൽകാറുണ്ട്. കേരളവും സാമ്പത്തികസഹായം നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.

കുറവ് കേരളത്തിൽ

ട്രോളിംഗ് നിരോധനം 90 ദിവസമാക്കണമെന്നാ പരമ്പരാഗത മത്സ്യമേഖലയുടെ നിലപാട്. ലോകത്ത് ഏറ്റവുംകുറവ് ട്രോളിംഗ് നിരോധനകാലം കേരളത്തിലാണ്. മേഖലയുടെ പൊതുതാല്പര്യം കണക്കിലെടുത്താണ് 52 ദിവസമാക്കിയത്. ഇന്ത്യാ സമുദ്രത്തിലെ വിവിധ രാജ്യങ്ങളിൽ നാലുമാസം വരെ നിരോധനമുണ്ട്.

കരയിലാകുന്നത്

ട്രോൾബോട്ടുകൾ

3,800

ഗിൽനെറ്റ് - ചൂണ്ടബോട്ടുകൾ

650

പഴ്‌സീൻ ബോട്ടുകൾ

114

.................................


മത്സ്യവരൾച്ച പാക്കേജും ട്രോളിംഗ് നിരോധനകാലത്ത് സാമ്പത്തിക സഹായവും ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് അനുവദിക്കേണ്ടത് അനിവാര്യമാണ്.

ചാൾസ് ജോർജ്, പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി